പുലിക്കളി സമ്മാനത്തുക വർധിപ്പിച്ചു; ഇക്കുറി പുലിവണ്ടിക്കും സമ്മാനം
നാലാം ഓണനാളിൽ നടക്കുന്ന പുലിക്കളിയുടെ സംഘങ്ങൾക്ക് നൽകുന്ന സമ്മാനത്തുക കോർപ്പറേഷൻ വർധിപ്പിച്ചു. ഒന്നാം സമ്മാനമായി അര ലക്ഷവും, നിശ്ചല ദൃശ്യത്തിന് 35,000 രൂപയും നൽകും. മികച്ച ടീമിനും പുലിക്കൊട്ടിനും അച്ചടക്കത്തിനും കൂടാതെ പുലി വണ്ടിക്കും ഇത്തവണ സമ്മാനം നൽകുമെന്ന് മേയർ അറിയിച്ചു.
നേരത്തെ പുലിക്കളി സംഘങ്ങൾക്ക് 40,000 രൂപയായിരുന്നു നൽകിയിരുന്നത്. പുലിക്കളി സംഘങ്ങൾക്ക് രണ്ട് ലക്ഷമാക്കി സഹായം വർധിപ്പിച്ചതിനൊപ്പമാണ് സമ്മാന തുകയിലും വർധനവ് വരുത്തിയത്.
ഒന്നാമതെത്തുന്ന പുലിക്കളി ടീമിന് അര ലക്ഷവും രണ്ടും മന്നും സ്ഥാനക്കാർക്ക് 40,000, 35,000 വീതവും നൽകും. പുലിക്കളി സംഘങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന് മികച്ച പുലിവണ്ടിക്കും ഇത്തവണ സമ്മാനംനൽകുമെന്ന് മേയർ എം.കെ വർഗീസ് അറിയിച്ചു. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാമത് അയ്യായിരം രൂപയും ട്രോഫിയും നൽകും.
കൂടാതെ നിശ്ചല ദൃശ്യങ്ങൾക്ക് ഒന്നാം സ്ഥാനത്തിന് 35,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 30,000, 25,000 രൂപ വീതവും നൽകും. മികച്ച പുലിക്കൊട്ടിനും പുലി വേഷത്തിനും 7,500 രൂപ വീതവും അച്ചടക്കം പാലിക്കുന്ന ടീമിന് 12,500 രൂപയും ട്രോഫിയും നൽകും.