അയോഗ്യതയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍
രണ്ടു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതിനാല്‍ അയോഗ്യതയുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തി. മോദി പരാമര്‍ശത്തില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ദിവസം രാഹുലിനെ രണ്ടു വര്‍ഷം തടവുശിക്ഷ നല്‍കിയത്. അപകീര്‍ത്തിക്കേസിലാണ് ശിക്ഷ. രാഹുല്‍ പാര്‍ലമെന്റില്‍ എത്തിയെങ്കിലും ലോക്സഭയില്‍ പ്രവേശിക്കുന്നതിനു മുന്‍പായി സഭ നിര്‍ത്തി വെച്ചിരുന്നു.
തടവുശിക്ഷ ലഭിച്ചതോടെ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം ഇല്ലാതാകുമെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം അയോഗ്യത സംബന്ധിച്ച് ലോക്സഭാ സെക്രട്ടറിയേറ്റാണ് തീരുമാനം എടുക്കേണ്ടത്. സ്പീക്കറുടെ നിര്‍ദേശം അനുസരിച്ചായിരിക്കും സെക്രട്ടറിയേറ്റ് തീരുമാനം എടുക്കുക.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേരത്തേ അറിയിച്ചിരുന്നത്. കേസില്‍ രാഹുല്‍ മേല്‍ക്കോടതികളെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. അപ്പീല്‍ നല്‍കുന്നതിനായി രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുകയാണ്.