ഔദ്യോഗിക വസതി ഒഴിയാനുള്ള നിര്‍ദേശം പാലിക്കും; ലോക്സഭാ സെക്രട്ടറിയേറ്റിന് മറുപടി നല്കി രാഹുല്‍ ഗാന്ധി
ഔദ്യോഗിക വസതി ഒഴിയണമെന്ന നോട്ടീസിന് ലോക്സഭാ സെക്രട്ടറിയേറ്റിന് മറുപടി നല്കി രാഹുല്‍ ഗാന്ധി. വസതി ഒഴിയണമെന്ന നിര്‍ദേശം പാലിക്കുമെന്ന് കത്തില്‍ രാഹുല്‍ വ്യക്തമാക്കി. കഴിഞ്ഞ നാലു തവണയും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍, അവിടെ ചെലവഴിച്ച നാളുകളുടെ സന്തോഷകരമായ ഓര്‍മകള്‍ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്ന തിരഞ്ഞെടുത്ത് അയച്ച ജനങ്ങളോടാണ്. എന്റെ അവകാശങ്ങളുടെ കാര്യത്തില്‍ മുന്‍വിധികളൊന്നും കൂടാതെ തന്നെ നിങ്ങള്‍ അയച്ച കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഞാന്‍ പാലിക്കുന്നതാണെന്ന് കത്തില്‍ രാഹുല്‍ വ്യക്തമാക്കി.
ലോക്സഭാഗത്വത്തില് നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെയാണ് ഔദ്യോഗിക വസതിയായ 12 തുഗ്ലക്ക് ലെയിനിലെ ബംഗ്ലാവ് ഒഴിയണമെന്ന് രാഹുലിന് നോട്ടീസ് ലഭിച്ചത്. ഏപ്രില്‍ 22 വരെയേ ഇവിടെ താമസിക്കാന്‍ സാവകാശം നല്കിയിട്ടുള്ളു. 2004ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ രാഹുല്‍ ഇവിടെയാണ് താമസിക്കുന്നത്. അതേസമയം ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്ന രാഹുലിന് സര്‍ക്കാര്‍ തന്നെ താമസ സൗകര്യം ഒരുക്കേണ്ടതുണ്ട്.