മന്‍ദൗസ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മന്‍ദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് പലയിടത്തും ഇടിമിന്നലോടു കൂടിയുള്ള മഴ തുടരുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
ശനിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ തെക്കന്‍ ജില്ലകളില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര മേഖലയിലും ശക്തമായ മഴ തുടരുകയാണ്. എങ്കിലും എവിടെയും മണ്ണിടിച്ചിലോ മറ്റ് അനിഷ്ടസംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലയോര മേഖലയിലും തീരപ്രദേശത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പതിമൂന്നാം തിയതി വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 12-നും ഡിസംബര്‍ 13-നും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.