മഴ ഇന്നും തുടരും; മഴക്കെടുതിയിൽ ഇതുവരെ മരിച്ചത് 22 പേർ
ശക്തമായ മഴയില്‍ അണക്കെട്ടുകള്‍ തുറന്നതും മലവെള്ളപ്പാച്ചിലും മഴക്കെടുതി രൂക്ഷമാക്കി. ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദസാധ്യതയും അറബിക്കടലില്‍ ശക്തമായ കാറ്റിന്റെ സാധ്യതയുമുണ്ട്.
വ്യാഴാഴ്ച തോട്ടില്‍ വീണ് കാസര്‍കോട് പാണത്തൂരില്‍ ചെറുപനത്തടിയിലെ എം. രാഘവന് (64) മരിച്ചു. തൃശ്ശൂര്‍ ചേറ്റുവയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി തിരുവനന്തപുരം പുല്ലുവിള സ്വദേശി മണിയന് എന്ന വര്‍ഗീസിന്റെയും കാസര്‍കോട് വെള്ളരിക്കുണ്ട് ഭീമനടി കൂരാക്കുണ്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ലതയുടെയും മൃതദേഹം കണ്ടെത്തി. ഇവരുള്‍പ്പെടെ 22 മരണങ്ങളാണ് ഈ കാലവര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പെരിങ്ങല്‍ക്കുത്ത്, തമിഴ്നാട് ഷോളയാര്‍, കേരള ഷോളയാര്‍ അണക്കെട്ടുകള്‍ തുറന്നതോടെ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു. വൈകുന്നേരത്തോടെ ജലനിരപ്പ് 6.8 മീറ്ററായി. ഇവിടെ ജനം വീടൊഴിയുകയാണ്. 8.1 മീറ്ററാണ് അപകടനില. ഷോളയാറില്‍നിന്നുള്ള വെള്ളം വ്യാഴാഴ്ച രാത്രിയോടെയാണ് ചാലക്കുടിപ്പുഴയിലെത്തുക. മൂഴിയാര്‍, മണിയാര്‍, ഭൂതത്താന്‍കെട്ട് ഉള്‍പ്പെടെ വലുതും ചെറുതുമായ 23 അണക്കെട്ടുകള്‍ തുറന്നു. മലമ്പുഴ ഡാം വെള്ളിയാഴ്ച തുറക്കാന്‍ സാധ്യതയുണ്ട്.
ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടിലേക്ക് നീങ്ങുന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി പിന്നിട്ടതിനെത്തുടര്‍ന്ന് തമിഴ്നാട് ആദ്യ ജാഗ്രതാനിര്‍ദേശം നല്കി. 2018-ലെ പ്രളയകാലത്ത് ആളുകള്‍ക്ക് മാറിപ്പോകേണ്ടിവന്ന പ്രദേശങ്ങളിലുള്ളവര്‍ മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചു.
Content Highlights: Rain, 22 people, Died,so far