യുവനടിയെ ബലാത്സംഗം ചെയ്ത കേസ്; വിജയ് ബാബുവിനെ കൊച്ചിയിലെ ഫ്ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ കൊച്ചിയിലെ ഫ്ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊച്ചി സൗത്ത് പൊലീസ് വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടു പോയത്. ഈ ഫ്ളാറ്റില്‍ വെച്ച് വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു യുവനടിയുടെ പരാതി. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിവിലെയും, കടവന്ത്രയിലെയും ഫ്ളാറ്റുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വിജയ്ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷന് നാളെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ഈ ഘട്ടത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം.
പീഡനം നടന്ന ദിവസം ഫ്ളാറ്റുകളില്‍ വിജയ് ബാബു എത്തിയതായി തെളിയിക്കുന്ന സാക്ഷി മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷനുകള്‍ എന്നിവയുടെ വിവരങ്ങള്‍ അന്വേഷണം സംഘം ശേഖരിക്കുന്നുണ്ട്. ജൂലൈ മൂന്നാം തീയതി വരെ വിജയ് ബാബു അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
Content Highlights – Vijay Babu, Case of assault on young actress