പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
പാലപ്പിള്ളി എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗം മരിച്ചു. വയനാട് സ്വദേശി ഉസൈന്‍ ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. നാടിറങ്ങിയ കാട്ടാനകളെ തുരത്താന്‍ കൊണ്ടുവന്ന കുങ്കിയാനകള്ക്കൊപ്പമെത്തിയ സംഘത്തിലെ അംഗമായിരുന്നു ഉസൈന്‍.
ബുധനാഴ്ച രാത്രി ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പാലപ്പിള്ളി എസ്റ്റേറ്റിനോടു ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് മുത്തങ്ങയില്‍ നിന്ന് രണ്ട് കുങ്കിയാനകളെ എത്തിച്ചത്. വെറ്ററിനറി സര്ജന് അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആന പാപ്പാന്മാരുള്പ്പെടെ പന്ത്രണ്ടംഗ സംഘമായിരുന്നു കുങ്കിയാനകള്ക്കൊപ്പമെത്തിയത്.
ഇതിനിടെ റോഡില്‍ ഒറ്റയാന് നില്‍ക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് റാപ്പിഡ് റെസ്പോണ്‍സ് സംഘം പ്രദേശത്തെത്തി. ഒറ്റയാന്റെ ആക്രമണത്തിലാണ് ഉസൈന്‍ പരിക്കേറ്റത്. തുമ്പിക്കൈ കൊണ്ടുള്ള അടിയില്‍ ഉസൈന്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.