ആര് ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം
ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത മുന്‍ ഡിജിപി ആര് ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം. ഗുജറാത്ത് കലാപക്കേസില്‍ കൃത്രിമത്തെളിവുകള്‍ നിര്‍മിച്ചെന്ന കേസിലാണ് ആര് ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അഹമ്മദാബാദ് ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
കേസ് ഇനി പരിഗണിക്കുന്ന നവംബര്‍ 15 വരെയാണ് ജാമ്യം. ജാമ്യോപാധികള്‍ തീരുമാനിക്കാന്‍ അഹമ്മദാബാദ് സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീകുമാര്‍ വ്യാഴാഴ്ച രാത്രിയോടെ ജയില്‍ മോചിതനാകുമെന്നാണ് കരുതുന്നത്.
സ്ഥിര ജാമ്യത്തിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കേസില്‍ ശ്രീകുമാറിനൊപ്പം അറസ്റ്റിലായ തീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ ജസ്റ്റിസ് കോടതി നവംബര്‍ 15 ലേക്ക് മാറ്റി. തീസ്തയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.