‘ശിവസേന ബാലസാഹേബ് ഠാക്കറെ’; പുതിയ പേരുമായി വിമത പക്ഷം, നടപടിയെടുക്കാന്‍ ഉദ്ധവിനെ ചുമതലപ്പെടുത്തി ഔദ്യോഗികപക്ഷം
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കവുമായി വിമതപക്ഷം. ശിവസേന ബാലസാഹേബ് ഠാക്കറെ എന്ന പേരാണ് വിമതപക്ഷം സ്വീകരിച്ചിരിക്കുന്നത്. ശിവസേനയില്‍ നിന്നുള്ള 40 എംഎല്എമാരുടേതുള്പ്പെടെ 50 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഏക്നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറെ പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം മുംബൈയില്‍ വിളിച്ചിരുന്നു. വിമതര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉദ്ധവിനെ യോഗം ചുമതലപ്പെടുത്തി.
ഇതിനിടെ സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള വിമതനീക്കം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളിയിരുന്നു. വിമത എംഎല്‍എമാരാണ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്. 33 വിമതര്‍ പ്രമേയത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസിന് ഇത് സമര്‍പ്പിച്ചിട്ടില്ല. ഔദ്യോഗിക മെയില്‍ ഐഡിയില്‍ നിന്ന് അയക്കാതെ അജ്ഞാത ഐഡിയില്‍ നിന്നാണ് മെയില്‍ എത്തിയതെന്ന് ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ഇതിനിടെ പതിനാറ് വിമത എംഎല്‍മാര്‍ക്ക് അയോഗ്യത കല്പിക്കണമെന്ന ഉദ്ധവ് താക്കറേയുടെ ആവശ്യത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇവര്‍ക്ക് നോട്ടീസ് അയച്ചു. തിങ്കളാഴ്ച നേരിട്ടോ അഭിഭാഷകന് മുഖേനയോ ഹാജരാകണമെന്നാണ് നോട്ടീസ്.
പുതിയ പാര്‍ട്ടി രൂപീരിക്കാനുള്ള ഷിന്‍ഡെയുടെ നീക്കത്തിനെതിരെ ഔദ്യോഗിക പക്ഷം തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. ശിവസേന ബാലസാഹേബ് ഠാക്കറെ എന്ന പേര് ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് ശിവസേന കത്തയച്ചു. വിമത എംഎല്‍എ താനാജി സാവന്തിന്റെ പൂനെയിലെ ഓഫീസില്‍ ശിവസേനാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പൂനെ പോലീസ് ഇവിടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മുംബൈയില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Maharashtra, Uddav Thackarey, Eknath Shinde, Sivsena