‘റോബര്ട്ട് വാധ്രയെ പാലക്കാട്ട് മത്സരിപ്പിക്കണം, രാഹുലിന്റെ കുടുംബത്തിന്റെ വികാരങ്ങള് ജനങ്ങള്ക്ക് കൃത്യമായി അറിയാം’
തിരുവനന്തപുരം: നെഹ്റു -ഗാന്ധി കുടുംബത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാനുളള ഒരു ഉപകരണം മാത്രമാണ് കോണ്ഗ്രസ് പാർട്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയെ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പില് മത്സരിപ്പിക്കാൻ രാഹുല് ഗാന്ധി തയാറാകണമെന്നും അദ്ദേഹം പരിഹസിച്ചു. എക്സിലൂടെയായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
‘രാഹുല്ഗാന്ധി അവകാശപ്പെടുന്നത് വയനാട് അദ്ദേഹത്തിന്റെ കുടുംബമാണെന്നാണ്. വയനാട് ഉപതിരഞ്ഞെടുപ്പില് അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പില് സഹോദരിയുടെ ഭർത്താവ് റോബർട്ട് വാധ്രയെ നിർത്താൻ രാഹുല് തയാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ‘രാഹുലിന്റെ കുടുംബത്തിന്റെ വികാരങ്ങള്’ ഇപ്പോള് ജനങ്ങള്ക്ക് കൃത്യമായി അറിയാം. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാനുള്ള ഒരു ഉപകരണം മാത്രമാണ് കോണ്ഗ്രസ് പാർട്ടിയെന്ന് ഒരിക്കല്കൂടി സംശയമില്ലാതെ തെളിഞ്ഞു’- അദ്ദേഹം കുറിച്ചു.
അതേസമയം, പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില് മത്സരിക്കില്ലെന്നും വയനാട്ടില് പ്രിയങ്കാ ഗാന്ധിക്കായി പ്രചരണത്തിന് ഇറങ്ങുമെന്നും കെ മുരളീധരൻ പറഞ്ഞു. നെഹ്റു കുടുംബം മത്സരിക്കുമ്ബോള് ഒരു കോണ്ഗ്രസുകാരനും മാറിനില്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘പാലക്കാട് ഉപതിരഞ്ഞെടുപ്പില് മത്സരിക്കില്ല. അവിടെ മത്സരിക്കാൻ ധാരാളം ചെറുപ്പക്കാർ ഉണ്ട്. വട്ടിയൂർക്കാവാണ് എന്റെ കുടുംബം. വട്ടിയൂർക്കാവിന്റെ സന്തോഷത്തിലും ദുഃഖത്തിലും താൻ കൂടെയുണ്ടായിരുന്നു. അവിടെ സജീവമായി ഉണ്ടാകും. വയനാട്ടില് പ്രിയങ്കാ ഗാന്ധിക്കായി പ്രചരണത്തിന് ഇറങ്ങും. നെഹ്റു കുടുംബം മത്സരിക്കുമ്ബോള് ഒരു കോണ്ഗ്രസുകാരനും മാറിനില്ക്കാനാകില്ല’, കെ മുരളീധരൻ വ്യക്തമാക്കി. കോണ്ഗ്രസിന്റെ സംഘടനതലത്തില് വലിയ മാറ്റങ്ങള് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.