കരിങ്കടലില്‍ അമേരിക്കയും റഷ്യയും നേര്‍ക്കുനേര്‍; ആശങ്കയോടെ ലോകം
യുക്രൈന് യുദ്ധം ലോകത്തെ പല വിധത്തില്‍ ബാധിച്ചു കഴിഞ്ഞു. സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം കൂപ്പുകുത്താന്‍ പോകുന്നുവെന്ന ആശങ്കകള്‍ ഉയര്‍ന്നു വരുന്നു. വന്‍കിട കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നു. യുദ്ധം ഒരു വര്‍ഷം പിന്നിട്ടതോടെ അതിന്റെ കെടുതികള്‍ ലോകത്തെ ആകമാനം ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനിടയില്‍ വന്‍ശക്തികളായ അമേരിക്കയും റഷ്യയും ചിലയവസരങ്ങളില്‍ നേര്‍ക്കു നേര് വരുന്നത് ലോകരാഷ്ടങ്ങളുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുകയാണ്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അമേരിക്കന്‍ ഡ്രോണ്‍ റഷ്യന്‍ യുദ്ധ വിമാനവുമായി കൂട്ടിയിടിച്ച് കരിങ്കടലില്‍ തകര്‍ന്നു വീണിരിക്കുന്നു.
റഷ്യയുടെ സുഖോയ് 27 ജെറ്റ് ഇടിച്ചാണ് അമേരിക്കയുടെ അത്യാധുനിക ഡ്രോണായ എംക്യു 9 റീപ്പര്‍ തകര്‍ന്നു വീണത്. കരിങ്കടലിന് മുകളിലെ അന്താരാഷ്ട്ര വ്യോമമേഖലയില്‍ നടന്ന സംഭവത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രതികരിച്ചിരിക്കുകയാണ് അമേരിക്കന്‍ സേന. ഡ്രോണിനു മുന്നില്‍ പറന്ന റഷ്യന്‍ യുദ്ധവിമാനം പലതവണ ഇന്ധനം ഡംപ് ചെയ്തുവെന്നും പ്രകോപനകരമായ വിധത്തില്‍ തൊട്ടടുത്തു കൂടി പറന്ന് ഡ്രോണ്‍ തകരാന്‍ ഇടയാക്കിയെന്നും അമേരിക്ക ആരോപിക്കുന്നു. രണ്ടു സുഖോയ് വിമാനങ്ങളാണ് പതിവു പരിശോധനാ പറക്കല്‍ നടത്തിയിരുന്ന അമേരിക്കന്‍ ആളില്ലാ വിമാനത്തിന് അരികില്‍ എത്തിയത്. അതില്‍ ഒന്ന് ഡ്രോണിന്റെ പ്രൊപ്പല്ലറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് യുഎസ് യൂറോപ്യന്‍ കമാന്‍ഡ് പറഞ്ഞു.
അതേസമയം അമേരിക്കന്‍ വാദം റഷ്യ നിഷേധിച്ചു. റഷ്യന്‍ വിമാനങ്ങള്‍ ഡ്രോണില്‍ സ്പര്ശിച്ചിട്ടില്ലെന്നും ഡ്രോണ്‍ നിയന്ത്രണം വിട്ട് കടലില്‍ പതിക്കുകയായിരുന്നുവെന്നുമാണ് മോസ്കോ പ്രതികരിക്കുന്നത്. ഒരു ഘട്ടത്തില്‍ പോലും റഷ്യന്‍ വിമാനങ്ങള്‍ ആയുധം പ്രയോഗിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഡ്രോണ്വ്യോമാതിര്ത്തി കടന്നതോടെയാണ് റഷ്യന്‍ വിമാനങ്ങള്‍ അതിന് അടുത്തെത്തിയത്. എങ്കിലും ഡ്രോണിനെ ഒരു തരത്തിലും ആക്രമിച്ചിട്ടില്ലെന്നും റഷ്യ വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് അമേരിക്ക റഷ്യന്‍ സ്ഥാനപതി അനറ്റോലി അന്റോണോവിനെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. തങ്ങളുടെ അതിര്‍ത്തിയില്‍ അമേരിക്ക നടത്തുന്ന നിരീക്ഷണം അവസാനിപ്പിക്കണമെന്ന് അന്റോണോവും ആവശ്യപ്പെട്ടു.
അമേരിക്കയുടെ ഡ്രോണ്‍ നിരീക്ഷണം ഒരു പ്രകോപനമായാണ് റഷ്യ കാണുന്നത്. മാധ്യമങ്ങളിലൂടെ അമേരിക്ക നടത്തുന്ന പ്രകോപനങ്ങളും നിരീക്ഷണവും ഉടനടി അവസാനിപ്പിക്കാനുള്ള നടപടി അമേരിക്ക സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യ കയ്യൊഴിഞ്ഞെങ്കിലും അത് അംഗീകരിക്കുന്നില്ലെന്നാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചത്. തകര്‍ന്നുവീണ ഡ്രോണ്‍ മറ്റാരുടെയും കയ്യില്‍ പെടാതെ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം നാറ്റോയും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് കരുതുന്നില്ലെന്നാണ് നേറ്റോയുടെ പ്രതികരണം.
റഷ്യയുടെ നാവിക സേനാ കേന്ദ്രങ്ങള്‍ നിരീക്ഷിക്കുകയാണ് കരിങ്കടലിലെ രാജ്യാന്തര വ്യോമ മേഖലയില്‍ പറക്കുന്ന അമേരിക്കന്‍ ഡ്രോണുകളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ കരിങ്കടലില്‍ റഷ്യന്‍ ഇന്റര്‍സെപ്ഷനുകള്‍ പുതിയ സംഭവവുമല്ല. പക്ഷേ, യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര നയതന്ത്ര ബന്ധങ്ങള്‍ അത്ര സുഖകരമല്ലാത്ത സാഹചര്യത്തിലാണ് അമേരിക്കന്‍ ആളില്ലാ വിമാനം റഷ്യന്‍ വിമാനം തട്ടി തകര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ റഷ്യന്‍ വിമാനത്തിനു കേടുപാടുകള്‍ സംഭവിച്ചെങ്കിലും സുരക്ഷിതമായ ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞതായി അമേരിക്ക സ്ഥിരീകരിക്കുകയും ചെയ്യുന്നു.
മേഖലയില്‍ നിരീക്ഷണം ഇനിയും തുടരുമെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോക ശക്തികളായ അമേരിക്കയും റഷ്യയും നേര്‍ക്കു നേരെ വരുന്ന സംഭവങ്ങള്‍ മറ്റൊരു ഏറ്റുമുട്ടലിലേക്ക് പരിണമിക്കുമോയെന്ന ആശങ്ക രാജ്യാന്തര സമൂഹത്തിനുണ്ട്. ഇവിടെ പ്രത്യക്ഷത്തിലുള്ള ഒരു പ്രകോപനമാണ് ഉണ്ടായിരിക്കുന്നത്.