ഗോവയില്‍ ലഹരി മരുന്നുമായി ഒളിമ്പിക് മെഡല്‍ ജേതാവായ റഷ്യന്‍ വനിത പിടിയില്‍
ഒളിമ്പിക് മെഡല്‍ ജേതാവായ റഷ്യന്‍ നീന്തല്‍ താരം ഗോവയില്‍ ലഹരിമരുന്നുമായി പിടിയില്‍. ഷ്യന് നീന്തല്‍ താരമായ സ്വെറ്റ്ലാന വാര്ഗനോവയാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം മുന്‍ റഷ്യന്‍ പോലീസ് ഉദ്യോഗസ്ഥനായ ആന്ദ്രേ, ഗോവ സ്വദേശിയായ ആകാശ് എന്നിവരെയും നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയായി നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് മൂവരെയും പിടികൂടിയതെന്ന എന്‍സിബി അറിയിച്ചു.
പ്രതികളില്‍നിന്ന് 88 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, 8.8 ഗ്രാം കൊക്കെയ്ന്‍, 242.5 ഗ്രാം ചരസ്, 16.49 ഗ്രാം ഹാഷിഷ് ഓയില്‍, കഞ്ചാവ് ചെടികള്‍, എം.ഡി.എം.എ, ഒന്നരക്കിലോയോളം കഞ്ചാവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഗോവയിലെ അരംബോല്‍ കേന്ദ്രീകരിച്ച് റഷ്യന്‍ സംഘം മയക്കുമരുന്ന് ഇടപാട് നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
ഏപ്രില്‍ 13-ാം തീയതി ചരസും എം.ഡി.എം.എ.യുമായി സ്വെറ്റ്ലാന വാര്‍ഗനോവ എന്‍.സി.ബി.യുടെ പിടിയിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആകാശ് എന്നയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. വിപുലമായ ലഹരിമരുന്ന് വില്പന ശൃംഖലയിലെ കണ്ണിയാണ് ഇയാളെന്നും ഒരു റഷ്യക്കാരന്റെ നിര്‍ദേശമനുസരിച്ചാണ് ഇയാള്‍ ഇടപാടുകള്‍ നടത്തുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതികളില്‍നിന്ന് ഏകദേശം വിദേശ കറന്‍സികള്‍ ഉള്‍പ്പെടെ നാലരലക്ഷത്തിലേറെ രൂപ എന്‍.സി.ബി. പിടിച്ചെടുത്തിട്ടുണ്ട്. വ്യാജരേഖകളും തിരിച്ചറിയല്‍ കാര്‍ഡുകളും കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള വസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.