ശബരിനാഥന്റെ അറസ്റ്റ് നിയമസഭയിലേക്ക്; പ്രതിപക്ഷം അടിയന്തരപ്രമേയമായി നോട്ടീസ് നല്‍കും
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ. എസ് ശബരിനാഥന്റെ അറസ്റ്റ് പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ ചില വാട്സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ശബരീനാഥന് ഇന്നലെ അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണം അടിയന്തര പ്രമേയ നോട്ടീസായിട്ടാകും പ്രതിപക്ഷം കൊണ്ടുവരിക.
എംഎല്‍എ ഷാഫി പറമ്പില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. നിയമസഭ ഇന്നും കലുഷിതമാകാൻ സാധ്യത. മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തില്‍ ‘മാസ്റ്റര്‍ ബ്രെയിന്‍’ ശബരീനാഥന് ആണെന്നും ബുധനാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. വാട്ട്സ് ആപ്പ് സന്ദേശം അയച്ച ഫോണിനുവേണ്ടിയാണ് പോലീസ് ശബരീനാഥന്റെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതി അതിന് അനുമതി നല്‍കിയില്ല. ശബരീനാഥന് തന്നെ ഫോണ്‍ ഹാജരാക്കിയാല്‍ മതിയെന്ന് കോടതി പറഞ്ഞു.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശബരിനാഥന് ഉപാധികളോടെ ഇന്നലെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം. റിക്കവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന് ഉപാധിയില്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാളെ മുതല്‍ 3 ദിവസം അന്വേഷണ സംഘത്തിന്റെ മുന്പില് ഹാജരാകണം. 50000 രൂപയുടെ ബോണ്ടും നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ നിന്ന് വാട്സ് ആപ്പ് ചാറ്റ് എങ്ങനെ പുറത്തായി എന്നതില്‍ അന്വേഷണം നടക്കുമെന്ന് ശബരീനാഥന് പറഞ്ഞു. സംഘടനാതലത്തില്‍ അന്വേഷണം ഉണ്ടാകും. കേസില്‍ ചോദ്യം ചെയ്യാനായി തിരുവനന്തപുരത്തെ ശംഖുമുഖം പൊലീസ് സ്റ്റേഷനില്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരീനാധിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Content Highlights: Sabrinathan, Arrest, Assembly, Opposition,Notice,