ഗിനിയില്‍ കസ്റ്റഡിയിലായ മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ നാവികര്‍ തടവില്‍
ഗിനിയില്‍ കസ്റ്റഡിയിലായ മലയാളികള്‍ ഉള്‍പ്പെടുന്ന കപ്പല്‍ ജീവനക്കാരെ ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയതായി വിവരം. ഇവരെ ഹോട്ടലിലേക്ക് മാറ്റുമെന്നായിരുന്നു അറിയിച്ചതെങ്കിലും ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് കപ്പലിലെ മലയാളി ജീവനക്കാരന് വിജിത് വി. നായര്‍ പറഞ്ഞു. കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനാണ് വിജിത്ത്. മുറിക്ക് പുറത്ത് സൈനികര്‍ കാവല്‍ നില്‍ക്കുകയാണെന്നും വിജിത്ത് അറിയിച്ചു. ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നയതന്ത്ര ഇടപെടലിലൂടെ ഇത് തടഞ്ഞിട്ടുണ്ട്. 15 ജീവനക്കാരെയാണ് മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നത്.
ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്റെ ക്യാപ്റ്റനും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു. സനുവിനെ ഗിനി നാവികസേന നൈജീരിയന്‍ യുദ്ധക്കപ്പലിലേക്ക് കൈമാറാനിരുന്നതാണ്. ഇത് തടഞ്ഞതിനു പിന്നാലെ സനുവിനെ കപ്പലില്‍ തിരികെയെത്തിച്ചു. ഹീറോയിക് ഐഡം എന്ന നോര്‍വേ കപ്പലിലെ ജീവനക്കാരാണ് ഗിനി നാവികസേനയുടെ കസ്റ്റഡിയിലുള്ളത്. കപ്പല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് നൈജീരിയന്‍ സൈന്യത്തിന്റെ നിര്‍ദേശ പ്രകാരം ഗിനിയന്‍ നാവികസേന കപ്പലും ജീവനക്കാരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കപ്പലിലെ 26 നാവികരില്‍ 16 ജീവനക്കാര്‍ ഇന്ത്യക്കാരാണ്. മൂന്നു പേര് മലയാളികളാണ്. കൊച്ചി സ്വദേശി മില്‍ട്ടനാണ് മൂന്നാമത്തെ മലയാളി. എല്ലാവരെയും നൈജീരിയയ്ക്ക് കൈമാറാനായിരുന്നു ആദ്യ നീക്കം. നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു.