സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക്; തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍
സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഭരണഘടനയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലായിരുന്നു സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടമായത്. ഈ കേസില്‍ കോടതി ക്ലീന്‍ചിറ്റ് നല്കിയ സാഹചര്യത്തിലാണ് മടങ്ങിവരവിന് അവസരമൊരുങ്ങുന്നത്.
അടുത്ത നിയമസഭാ സമ്മേളനത്തിനു മുന്‍പായി സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. കൈകാര്യം ചെയ്തിരുന്ന പഴയ വകുപ്പുകള്‍ തന്നെ അദ്ദേഹത്തിന് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ വെച്ച് നടത്തിയ ഒരു പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.
ഭരണഘടനയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ അദ്ദേഹത്തെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ ലഭിച്ചിരുന്നു. ഇവ തള്ളിയതിനെത്തുടര്‍ന്ന് കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കി.
ഈ അപേക്ഷയില്‍ കോടതി തീരുമാനം എടുത്തിട്ടില്ല. കേസില്‍ പരാതിക്കാരന് കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.