ഭരണഘടനക്കെതിരായ സജി ചെറിയാന്റെ പ്രസംഗം; പ്രതിപക്ഷ പ്രതിഷേധം ശക്തം, നിയമസഭ 8 മിനിറ്റിൽ പിരിഞ്ഞു
മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ അസാധാരണ നടപടിക്ക് സാക്ഷ്യം വഹിച്ചു. ചോദ്യോത്തര വേള തുടങ്ങി മിനിറ്റുകൾക്കക്കുള്ളിൽ തന്നെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ തുടങ്ങിയ ഉടൻ ചോദ്യോത്തരവേള നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. കീഴ്വഴക്കം അതല്ലല്ലോ എന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. മുദ്രാവാക്യ വിളികൾക്കിടെ സ്പീക്കർ ചോദ്യം ഉന്നയിക്കാൻ പ്രതിപക്ഷ എംഎൽഎമാരോട് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങാതെ മുദ്രാവാക്യവുമായി മുന്നോട്ട് പോയി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധം തുടർന്നതോടെ നേരിടാൻ ഭരണപക്ഷവും എഴുന്നേറ്റിരിക്കയുണ്ടായി. ഇതിനിടെ അപ്രതീക്ഷിതമായാണ് നിയമസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചത്.
ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷ പ്രതിഷേധത്തിന് കേരള നിയമസഭ ഇതിന് മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും വിഷയം ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് അവസരം നൽകാതെ നിയമസഭ പിരിയുന്നത് അപൂർവമാണ്. അതേസമയം, സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്. പ്രതിപക്ഷ ബഹളത്തിന്റെ ദൃശ്യങ്ങൾ സഭാ ടിവി കാണിച്ചില്ല. സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം പ്രകടനമായി പുറത്തിറങ്ങി. തുടർന്ന് നിയമസഭാ വളപ്പിലെ അംബേദ്കർ പ്രതിമയ്ക്ക് താഴെ ജയ് ഭീം മുദ്രാവാക്യം മുഴക്കിയും ഭരണഘടനാ ശിൽപ്പിയുടെ ഫോട്ടോ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു.
Content Highlights: Saji Cherian, speech, Constitution, opposition protest, Assembly,