മഹാരാഷ്ട്രയില് എന്ഫോഴ്സ്മെന്റ് ഇറങ്ങി; ശിവസേനാ വക്താവ് സഞ്ജയ് റാവുത്തിന് സമന്സ്
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനിടെ എന്ഫോഴ്സ്മെന്റും രംഗത്ത്. ശിവസേനാ വക്താവും മുതിര്ന്ന നേതാവുമായ സഞ്ജയ് റാവുത്തിന് ഇ ഡി സമന്സ് അയച്ചു. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില് ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് സമന്സ്. കേസുമായി ബന്ധപ്പെട്ട് റാവുത്തിന്റെ സ്വത്തുവകകള് ഇ ഡി നേരത്തേ കണ്ടുകെട്ടിയിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില് വിമതപക്ഷത്തിന് പിന്തുണ നല്കുന്ന ബിജെപിയുടെ സമ്മര്ദ്ദതന്ത്രമാണ് ഇഡിയുടെ പുതിയ ഇടപെടലിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
ഏക്നാഥ് ഷിന്ഡെയുടെ നേതൃത്വത്തില് നടന്ന വിമതനീക്കത്തിന് പിന്നില് ഇ ഡി, സിബിഐ, മറ്റ് കേന്ദ്ര ഏജന്സികള് എന്നിവരുടെ സമ്മര്ദ്ദമാണെന്ന് ഠാക്കറെ പക്ഷം നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. പാത്ര ചൗള് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 1034 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല് നടന്നിട്ടുണ്ടെന്നാണ് റാവുത്തിനെതിരായ ആരോപണം. ഈ കേസില് കഴിഞ്ഞ ഏപ്രിലില് റാവുത്തിന്റെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.
ഇതിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു റാവുത്തിന്റെ പ്രതികരണം. തന്നെ ഭയപ്പെടുത്താന് നോക്കേണ്ട. സ്വത്ത് കണ്ടുകെട്ടൂ, തന്നെ വെടിവെക്കൂ, അല്ലെങ്കില് ജയിലില് അയയ്ക്കൂ, സഞ്ജയ് റാവുത്ത് ബാലാസാഹേബ് ഠാക്കറെയുടെ അനുയായിയും ശിവസൈനികനുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്. ശിവസേനയ്ക്കെതിരെ കേന്ദ്രം ഇ ഡിയെ ദുരുപയോഗം ചെയ്യുകയാണെന്നും രാജ്യസഭാംഗമായ റാവുത്ത് കഴിഞ്ഞ വ്യാഴാഴ്ച പറഞ്ഞിരുന്നു.
കേന്ദ്ര ഏജന്സികളുടെ സമ്മര്ദ്ദമുണ്ടെങ്കിലും ഞങ്ങള് ഉദ്ധവ് ഠാക്കറെയ്ക്ക് പിന്നില് അണിനിരക്കും. ഇഡി സമ്മര്ദ്ദത്താല് പാര്ട്ടി വിടുന്നവര് യഥാര്ത്ഥ ബാലാസാഹേബ് ഭക്തരല്ല. ഞങ്ങളാണ് യഥാര്ത്ഥ ബാലാസാഹേബ് ഭക്തരെന്നും അദ്ദേഹം മാധ്യമ പ്രവര്ത്തകരോട് പറഞ്ഞിരുന്നു.
Content Highlights: Sanjay Raut, Uddav Thackarey, Sivsena, ED, Enforcement Directorate