ഏക്നാഥ് ഷിന്‍ഡേയ്ക്ക് അമ്പും വില്ലും നല്കാന് മറിഞ്ഞത് 2000 കോടി രൂപ! ഗുരുതര ആരോപണവുമായി സഞ്ജയ് റാവുത്ത്
ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിന് ഔദ്യോഗിക ചിഹ്നം അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തില്‍ 2000 കോടിയുടെ ഇടപാട് നടന്നതായി ആരോപിച്ച് സഞ്ജയ് റാവുത്ത്. ഉദ്ധവ് വിഭാഗത്തിന്റെ വക്താവാണ് റാവുത്ത്. തെരഞ്ഞെടുപ്പു കമ്മീഷനെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിലാണ് റാവുത്ത് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ പേരും തെരഞ്ഞെടുപ്പു ചിഹ്നവും ലഭിക്കുന്നതിനായി ഇതുവരെ 2000 കോടി രൂപ കൈമാറി. ഇത് നൂറു ശതമാനം ശരിയും പ്രാഥമിക കണക്കുമാണ്. ഇത്തരമൊരു സംഭവം രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ല. അധികം വൈകാതെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് റാവുത്ത് ട്വീറ്റില്‍ പറഞ്ഞു. ഓരോ എംഎല്‍എമാര്‍ക്കും 50 കോടി രൂപ വീതവും എംപിമാര്‍ക്ക് ഒരു കോടി വീതവും നല്‍കിയിട്ടുണ്ട്.
50 ലക്ഷം രൂപ മുതല്‍ ഒരു കോടി വരെ നല്‍കിയാണ് കൗണ്‍സിലര്‍മാരെ ഒപ്പം നിര്‍ത്തിയിരിക്കുന്നതെന്നും റാവുത്ത് ആരോപിക്കുന്നു. മോദി ആവശ്യപ്പെട്ടാല്‍ ചാണകം വരെ തിന്നാന്‍ മടിക്കാത്തവരാണ് തെരഞ്ഞെടുപ്പു കമ്മീഷനിലുള്ളതെന്ന് ഉദ്ധവ് താക്കറേ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.