ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരായ തെരഞ്ഞെടുപ്പു ഹര്‍ജി സുപ്രീം കോടതി തള്ളി
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ തെരഞ്ഞെടുപ്പു ഹര്‍ജി സുപ്രീം കോടതി തള്ളി. 2016ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് തള്ളിയത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി മതത്തെ കൂട്ടുപിടിച്ചുള്ള പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന് ഏജന്റ് അഡ്വ.വി ആര് സോജിയാണ് കോടതിയെ സമീപിച്ചത്.
മതപ്രചാരണം നടത്തിയതിന് തെളിവില്ലെന്ന് കേസില്‍ ഹൈക്കോടതി നേരത്തേ വിധിച്ചിരുന്നു. ഇത് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് സജീവ് ഖന്നാ, ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നാമനിര്‍ദേശ പത്രികയില്‍ അപാകതകളുണ്ടായിരുന്നെന്നും വോട്ടു പിടിക്കാന്‍ മതത്തെയും മതചിഹ്നങ്ങളെയും ഉപയോഗിച്ചെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
മണ്ഡലത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് പ്രാമുഖ്യമുണ്ടെന്നും ക്രിസ്തുമത വിശ്വാസിയായ വീണാ ജോര്‍ജിന്റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും ചേര്‍ത്ത് സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ 2017ല്‍ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.