കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി തള്ളി; കര്‍ദിനാള്‍ ആലഞ്ചേരിക്ക് തിരിച്ചടി
കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസിലായിരുന്നു ഹര്‍ജി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഹര്‍ജി. അതേസമയം കര്‍ദിനാള്‍ ഹാജരാകണമെന്നുള്ള ഹൈക്കോടതി ഉത്തരവ് മറച്ചുവെച്ചുകൊണ്ടാണ് ഹര്‍ജിയെന്ന് പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിന്റെ അഭിഭാഷകന് രാകേന്ദ് ബസന്ത് കോടതിയില്‍ പറഞ്ഞു.
കര്‍ദിനാളിന് ഇളവ് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മത മേലധ്യക്ഷന്മാര്ക്ക് നിയമത്തില്‍ പ്രത്യേക ഇളവുകള്‍ ഇല്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രാകേന്ദ് ബസന്ത് വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. കര്‍ദിനാളിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ ആലഞ്ചേരി നല്കിയ ഹര്‍ജിയും, പള്ളികളുടെ ഭൂമിയും ആസ്തിയും വില്ക്കാന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍ നടപടികള്‍ക്ക് എതിരെ വിവിധ രൂപതകള്‍ നല്കിയ ഹര്‍ജിയും ജനുവരി പത്തിന് പരിഗണിക്കാനായി കോടതി മാറ്റി.