കേരളത്തിലെ തെരുവുനായ പ്രശ്നത്തില്‍ ഇടപെട്ട് സുപ്രീം കോടതി; പരിഹാരം കാണണമെന്ന് നിര്‍ദേശം

സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തില്‍ ഇടപെട്ട് സുപ്രീം കോടതി. തെരുവുനായ പ്രശ്നം ഗുരുതരമാണ്. വിഷയത്തില്‍ പരിഹാരം കാണണമെന്നും കോടതി നിര്‍ദേശിച്ചു. മലയാളി അഭിഭാഷകന് വി കെ ബിജു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ ആവശ്യമാണെങ്കില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. പ്രശ്ന പരിഹാരത്തിന് എല്ലാ കക്ഷികളും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഹര്‍ജിയില്‍ ഈ മാസം 28ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. കേരളത്തില്‍ തെരുവുനായകള്‍ ഭീഷണിയാണെന്നത് ഗൗരവകരമായ വസ്തുതയാണ്. റോഡിലൂടെ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ജസ്റ്റിസ് സിരിജഗന് കമ്മീഷന് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 26-ാം തിയതിയായിരുന്നു ഹര്‍ജി പരിഗണിക്കാനിരുന്നത്. എന്നാല്‍ പത്തനംതിട്ട സ്വദേശിനി അഭിരാമി പേവിഷബാധയേറ്റ് മരിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെടുകയായിരുന്നു.
റാബീസ് വാക്സിന് എടുത്തതിനു ശേഷവും കടിയേറ്റ ആളുകള്‍ മരിക്കുന്ന സ്ഥിതിയുണ്ടായെന്ന് വി കെ ബിജു ചൂണ്ടിക്കാട്ടി. അതേസമയം തെരുവുനായകളെ ഈ കാരണത്തിന്റെ പേരില്‍ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി മൃഗസ്നേഹികളുടെ അഭിഭാഷകന് വാദിച്ചു.
എന്നാല്‍ കുഴപ്പക്കാരായ തെരുവുനായ്ക്കളെ കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്നും ഇതിനായി നിയമങ്ങളുണ്ടെന്നും വി കെ ബിജു വ്യക്തമാക്കി. തുടര്‍ന്ന് പ്രശ്നക്കാരായ നായകളെയും അല്ലാത്തവയെയും രണ്ടായി പാര്‍പ്പിക്കാന്‍ കഴിയില്ലേയെന്ന് കോടതി ചോദിച്ചു.