സുപ്രീം കോടതി നടപടികള്‍ ലൈവായി ജനങ്ങള്‍ക്കു മുന്നില്‍; ചരിത്രത്തില്‍ ആദ്യമായി ലൈവ് സ്ട്രീമിംഗ്
സുപ്രീം കോടതി നടപടികള്‍ ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നു. ചരിത്രത്തിലാദ്യമായാണ് സുപ്രീം കോടതി നടപടികള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ ലൈവ് സ്ട്രീം ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ നടപടികളാണ് വെള്ളിയാഴ്ച ജനങ്ങള്‍ക്ക് കാണാന്‍ അവസരമുള്ളത്. സ്ട്രീമിംഗ് രാവിലെ 10.30ന് ആരംഭിച്ചു. ജസ്റ്റിസ് രമണ ഇന്ന് വിരമിക്കാനിരിക്കെയാണ് സെറിമോണിയല്‍ ബെഞ്ച് ലൈവ് സ്ട്രീം ചെയ്യുന്നത്. https://webcast.gov.in/events/MTc5Mg– എന്ന ലിങ്കില്‍ ലൈവ് കാണാം.
2018ലാണ് കോടതി നടപടികള്‍ ലൈവ് സ്ട്രീമിംഗ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. എന്നാല്‍ ആദ്യമായാണ് സുപ്രീം കോടതി ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് അവസാന പ്രവൃത്തിദിനത്തില്‍ നിയുക്ത ചീഫ് ജസ്റ്റിസിനൊപ്പമാണ് ബെഞ്ചിലെത്തുന്നത്. ഈ കീഴ്വഴക്കമനുസരിച്ച് നിയുക്ത ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവര്‍ ജസ്റ്റിസ് രമണയുടെ ബെഞ്ചിലുണ്ട്. കോടതി നടപടികള്‍ക്ക് ശേഷം സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിന് യാത്രയയപ്പും നല്‍കും.
ലൈവ് സ്ട്രീമിംഗിനായുള്ള പ്ലാറ്റ്ഫോം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ സഹകരണത്തോടെ സുപ്രീം കോടതി ഇ-കമ്മിറ്റിയാണ് തയ്യാറാക്കിയത്. ഹൈക്കോടതികള്‍ക്കും ജില്ലാക്കോടതികള്ക്കും ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അടച്ചിട്ട കോടതികളിലെ കേസുകള്‍, ബലാത്സംഗ കേസുകള്‍, വിവാഹമോചന കേസുകള്‍ തുടങ്ങിയവയൊഴികെയുള്ള കേസുകളുടെ വിചാരണാ നടപടികളായിരിക്കും ലൈവ് സ്ട്രീമിംഗിലൂടെ ലഭ്യമാകുക.