ബിബിസി ഡോക്യുമെന്ററിക്ക് പ്രദര്‍ശന വിലക്ക്; കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
പ്രധാനമന്ത്രിയെക്കുറിച്ചും ഗുജറാത്ത് കലാപത്തെക്കുറിച്ചുമുള്ള ബിബിസി ഡോക്യുമെന്ററി ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ സമൂഹ മാധ്യമങ്ങളില്‍ വിലക്കിയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പങ്കുവെക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്ന ഉത്തരവിന്റെ ആധികാരിക രേഖ ഹാജരാക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ലിങ്കുകള്‍ പങ്കുവെക്കുന്നത് വിലക്കിയ കേന്ദ്ര നടപടിയ്ക്കെതിരേ രണ്ടു ഹര്‍ജികളാണ് കോടതിക്ക് മുന്‍പാകെ എത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്രയും അഭിഭാഷകന് പ്രശാന്ത് ഭൂഷണും സംയുക്തമായി സമര്‍പ്പിച്ചതാണ് ഒരു ഹര്‍ജി. അഭിഭാഷകന് എം.എല്‍. ശര്‍മയുടേതാണ് രണ്ടാമത്തെ ഹര്‍ജി. ജനുവരി 21നാണ് ഡോക്യുമെന്ററിയുടെ ട്വിറ്റര്‍, യൂട്യൂബ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം നിര്‍ദേശിച്ചത്.