ബഫര്‍ സോണില്‍ ഇളവു തേടിയുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും
ബഫര്‍ സോണില്‍ ഇളവു തേടിയുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് രൂപീകരിക്കും. മൂന്നംഗ ബെഞ്ച് രൂപവത്കരിക്കാന്‍ ജസ്റ്റിസുമാരായ ബി.ആര് ഗവായ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചു. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു ഉത്തരവിറക്കിയത്.
ആ ഉത്തരവില്‍ ഭേദഗതി കൊണ്ടുവരാന്‍ മൂന്നംഗ ബെഞ്ചിന് മാത്രമേ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് ബി.ആര് ഗവായ് ആയിരിക്കും പുതുതായി രൂപവത്കരിക്കുന്ന മൂന്നംഗ ബെഞ്ചിനും നേതൃത്വം നല്‍കുക. മറ്റുരണ്ട് അംഗങ്ങളെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിശ്ചയിക്കും.
ബഫര്‍ സോണില്‍ പ്രധാനമായും നിയന്ത്രിക്കാന്‍ ഉദേശിച്ചത് ഖനനം ആണെന്ന് സുപ്രീം കോടതി. സ്ഥിരം നിര്‍മ്മാണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് വിവിധ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.