മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ സര്‍ക്കാര്‍ പുറത്തേക്ക്; സൂചന നല്കി സഞ്ജയ് റാവുത്തിന്റെ ട്വീറ്റ്
ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തിനൊടുവില്‍ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറേ സര്‍ക്കാര്‍ പുറത്തേക്കെന്ന് സൂചന. മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയും ശിവസേന നേതാവുമായ സഞ്ജയ് റാവുത്തിന്റെ ട്വീറ്റിലാണ് ഇതു സംബന്ധിച്ച് സൂചനകളുള്ളത്. നിയമസഭയുടെ പിരിച്ചുവിടലിലേക്കാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവങ്ങളുടെ പോക്കെന്ന് റാവുത്ത് ട്വീറ്റ് ചെയ്തു. ഉദ്ധവ് താക്കറേയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറേ തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്ന് മന്ത്രി എന്നത് എടുത്തു മാറ്റുകയും ചെയ്തിട്ടുണ്ട്.
ഷിന്‍ഡെയ്ക്കൊപ്പം അസമിലുള്ള ശിവസേനാ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ ഫലം കണ്ടില്ലെന്നതിന്റെ സൂചനയാണ് സഞ്ജയ് റാവുത്തിന്റെ ട്വീറ്റ് നല്‍കുന്നത്. പാര്‍ട്ടിയിലെ മൂന്നിലൊന്ന് എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ കൂറുമാറ്റ നിരോധന നിയമം അനുസരിച്ചുള്ള നടപടിയില്‍ നിന്ന് ഷിന്‍ഡേയ്ക്ക് ഒഴിവാകാനാകും. നിലവില്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ 40 എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്കൊപ്പമുണ്ട്. 7 സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയാണ് വിമത പക്ഷത്തിനുള്ളത്. ശിവസേനയില്‍ നിന്ന് താന്‍ പുറത്തേക്കില്ലെന്ന് ഷിന്‍ഡെ ആത്മവിശ്വാസത്തോടെ പറയുന്നതിന് കാരണവും ഈ പിന്തുണ തന്നെയാണ്.
തിരികെയെത്തണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെ സൂറത്തില്‍ നിന്ന് വിമാനമാര്‍ഗ്ഗം വിമതര്‍ ഗുവാഹത്തിയിലേക്ക് പുറപ്പെടുകയായിരുന്നു. ഇവിടെ ബിജെപി നേതാക്കള്‍ ഇവരെ സ്വീകരിക്കുകയും റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ താമസം ഒരുക്കുകയും ചെയ്തു. അവിശ്വാസ പ്രമേയം അവതരിപ്പിച്ചാല്‍ ബിജെപിക്ക് 37 എംഎല്‍എമാരുടെ പിന്തുണ മാത്രം മതിയാകും. വിമത പക്ഷത്ത് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ എംഎല്എമാരുള്ളതാണ് സര്‍ക്കാര്‍ രാജിവെക്കാന്‍ സന്നദ്ധമാകുന്നതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
Content Highligts: Sivsena, Sanjy Raut, Mahavikas Aghadi, Rebels, BJP