തമിഴ് സിനിമയിലും ലൈംഗികാതിക്രമം; 500 പേരെങ്കിലും കുടുങ്ങുമെന്ന് നടി രേഖാ നായർ

ചെന്നൈ: തമിഴ് സിനിമ മേഖലയിൽ സ്ത്രീകൾക്കു നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ചാൽ പ്രമുഖരടക്കം 500 പേരെങ്കിലും കുടുങ്ങുമെന്ന വെളിപ്പെടുത്തലുമായി നടി രേഖാ നായർ. നടിമാർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ മലയാളത്തിലേക്കാൾ തമിഴിൽ കൂടുതലാണ്. ഇതിനെതിരേ ശബ്ദമുയർത്താൻ എല്ലാവർക്കും ഭയമാണ്. മുൻപ് താൻ ശ്രമിച്ചതോടെ അവസരങ്ങൾ നഷ്ടമായെന്നും രേഖാ നായർ പറഞ്ഞു.
മലയാളിയായ രേഖ സിനിമകളിൽ അത്ര സജീവമല്ലെങ്കിലും ടി.വി. ഷോകളിലൂടെയും സീരിയലുകളിലൂടെയും തമിഴ്നാട്ടിൽ ശ്രദ്ധിക്കപ്പെട്ട താരമാണ്. കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ വിശദമായ അന്വേഷണം നടക്കും. അതിനാൽ കുറ്റകൃത്യങ്ങൾ വേഗത്തിൽ വെളിച്ചത്തു വരും. ഇതിനർഥം മലയാളസിനിമയിൽമാത്രമാണ് പ്രശ്നങ്ങളെന്നല്ല. തമിഴ് സിനിമയിൽ സ്ത്രീകൾ വ്യാപകമായി അതിക്രമം നേരിടുന്നുണ്ട്. ഇതുകാരണം മലയാളിയായ ഒരു നടിക്ക് ഇവിടെനിന്ന് താമസം മാറ്റേണ്ടിവന്നിട്ടുണ്ടെന്നും രേഖാ നായർ പറഞ്ഞു.