കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തരൂര്‍ മത്സരിക്കും; ആദ്യ ദിനം തന്നെ നാമനിര്‍ദേശപത്രികയുടെ ഫോം വാങ്ങി
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂര്‍ എംപി മത്സരിക്കും. നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന ആദ്യ ദിവസമായ ഇന്നു തന്നെ തരൂര്‍ നോമിനേഷന് ഫോം വാങ്ങി. 30 തിയതിയാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന് അതോറിറ്റി ചെയര്മാന് മധുസൂദനന് മിസ്ത്രിയില്‍ നിന്നാണ് തരൂരിന്റെ പ്രതിനിധി പത്രികയുടെ ഫോം വാങ്ങിയത്.
തരൂര്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി അയച്ച കത്തില്‍ അഞ്ച് സെറ്റ് നാമനിര്‍ദേശ പത്രികകളാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഊഹാപോഹങ്ങള്‍ക്കിടയില്‍ ആദ്യ ദിനം തന്നെ തരൂര്‍ തന്റെ സ്ഥാനാര്‍ഥിത്വത്തിന് സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. രാജസ്ഥാന് മുഖ്യമന്ത്രിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ അശോക് ഗെഹ്ലോട്ട് ആയിരിക്കും എതിര് സ്ഥാനാര്‍ത്ഥി.
ഗെഹ്ലോട്ട് ഉടന്‍ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന ലേബല്‍ ആര്‍ക്കും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. നെഹ്റു കുടുംബത്തില്‍ നിന്ന് ആരും ഇത്തവണ മത്സരിക്കുന്നില്ല. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തേ വ്യക്തമാക്കിയിരുന്നു.