സിദ്ദിഖ് കാപ്പന് ജാമ്യം; ഉടന്‍ കേരളത്തിലേക്ക് മടങ്ങാനാകില്ല
ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. കാപ്പന് ഉടന്‍ കേരളത്തിലേക്ക് മടങ്ങാനാകില്ല. ആറാഴ്ച ഡല്‍ഹിയില്‍ തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നായിരുന്നു ഉത്തര്‍പ്രദേശ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും ആവശ്യം കോടതി തള്ളി.
കാപ്പന് ജാമ്യം നല്‍കുന്നതിനെ യുപി സര്‍ക്കാര്‍ എതിര്‍ത്തു. ജാമ്യം നല്‍കുന്നത് സാക്ഷികള്‍ക്ക് ഭീഷണിയാകുമെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. സര്‍ക്കാര്‍ വാദങ്ങള്‍ സത്യവാങ്മൂലമായി നല്കാന് കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടു വര്‍ഷമായി ജയിലില്‍ തുടരുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കാപ്പനു വേണ്ടി ഹാജരായ കപില്‍ സിബല്‍, ഹാരിസ് ബീരാന് എന്നിവര്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഹാഥ്റസില്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയെക്കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പന് നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകനാണെന്നും തീവ്രവാദ അജണ്ട പ്രചരിപ്പിക്കാന്‍ കാപ്പന് ശ്രമിച്ചുവെന്നുമായിരുന്നു ആരോപണം.
കാപ്പന് എഴുതിയ ലേഖനങ്ങള്‍ മുസ്ലീം സമുദായത്തിനുള്ളില്‍ പ്രകോപനമുണ്ടാക്കുന്നവയാണെന്നും കുറ്റപത്രത്തില്‍ പോലീസ് പറഞ്ഞിരുന്നു. 5000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.