മഹാവികാസ് അഘാഡി വിടാന്‍ തയ്യാറെന്ന് ശിവസേന ഔദ്യോഗികപക്ഷം; വിമതര്‍ ഉടന്‍ മടങ്ങിയെത്തണമെന്ന് സഞ്ജയ് റാവുത്ത്
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഔദ്യോഗികപക്ഷം അയയുന്നു. വിമതര്‍ എത്രയും വേഗം മടങ്ങിയെത്തണമെന്നും മഹാവികാസ് അഘാഡിയില്‍ നിന്ന് പുറത്തു പോകാന്‍ തയ്യാറാണെന്നും ശിവസേന മുഖ്യ വക്താവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. എംഎല്‍എമാല്‍ മുംബൈിയില് നേരിട്ടെത്തി മുഖ്യമന്ത്രിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. എല്ലാ എംഎല്‍എമാരുടെയും ഇഷ്ടം അതാണെങ്കില്‍ സഖ്യം വിടാന്‍ തയ്യാറാണെന്നാണ് റാവുത്ത് അറിയിച്ചത്.
കൂടുതല്‍ എംഎല്‍എമാര്‍ വിമതപക്ഷത്തിനൊപ്പം ചേര്‍ന്നതോടെയാണ് അനുനയത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് ഔദ്യോഗികപക്ഷം നീങ്ങിയത്. അതേസമയം റാവുത്തിന്റെ വാക്കുകള്‍ പൂര്‍ണ്ണമായി വിശ്വാസത്തിലെടുക്കാന്‍ വിമതപക്ഷം തയ്യാറായിട്ടില്ല. ശിവസേന കോണ്‍ഗ്രസ് എന്‍സിപി ബന്ധം വിടണമെന്നും സഖ്യഭരണത്തില്‍ ശിവസൈനികര്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെന്നും 41 എംഎല്‍മാരുമായി ഗുവാഹത്തിയില്‍ തുടരുന്ന ഏക്നാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു.
ഉദ്ധവ് ഠാക്കറെ മുഖ്യമന്ത്രിപദം രാജിവെക്കേണ്ടതില്ലെന്നാണ് ഏറ്റവുമൊടുവില്‍ വിമതപക്ഷം ചേര്‍ന്ന എംഎല്‍എ ദീപക് കേസര്‍കര്‍ പറഞ്ഞത്. ബിജെപിയുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുകയാണ് ഉദ്ധവ് ചെയ്യേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് ശിവസേനാ എംഎല്‍എമാരും ഒരു സ്വതന്ത്രനും ഇന്ന് ഷിന്‍ഡെ ക്യാംപില്‍ എത്തി. ഇതോടെ വിമതപക്ഷത്ത് 41 എംഎല്‍എമാരായി ശക്തി ഉയര്‍ന്നു. വരും മണിക്കൂറുകളില്‍ കൂടുതല്‍ എംഎല്‍എമാര്‍ വിമതപക്ഷത്തേക്ക് എത്തുമെന്നാണ് കരുതുന്നത്.
Content Highlights: Sivsena, Maharashtra, Politics, Udhav Thackarey