ചില അധ്യാപകര്‍ പരീക്ഷാഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; ഗുരുതര ആരോപണവുമായി വിദ്യാഭ്യാസമന്ത്രി
ചില അധ്യാപകര്‍ പരീക്ഷാഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. മൂല്യനിര്‍ണ്ണയം ആരംഭിച്ച ശേഷമുള്ള മിന്നല്‍ പണിമുടക്ക് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഹയര്‍ സെക്കന്‍ഡറിയില്‍ 83.87 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം 87.94 ശതമാനമായിരുന്നു വിജയം. ഇത്തവണ വിജയശതമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. 87.79 ശതമാനവുമായി കോഴിക്കോട് ഏറ്റവും കൂടുതല്‍ വിജയം നേടിയപ്പോള്‍ 75.07 ശതമാനവുമായി വയനാട് ഏറ്റവും പിന്നിലായി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടിയത്. സയന്‍സില്‍ 86.14, ഹുമാനിറ്റീസില്‍ 76.65, കൊമേഴ്സ് 85.69 എന്നിങ്ങനെയാണ് വിജയ ശതമാനം.
സര്‍ക്കാര്‍ സ്കൂളുകളില്‍ 81.72 ശതമാനമാണ് വിജയം. എയിഡഡ് സ്കൂളുകളില്‍ 86.02 ശതമാനവും അണ് എയിഡഡ് സ്കൂളുകളില്‍ 81.12 ശതമാനവും വിജയമുണ്ടായി. കെമിസ്ട്രി പരീക്ഷ വിവാദമായതിനെ തുടര്‍ന്ന് പുതിയ ഉത്തരസൂചിക തയ്യാറാക്കി വീണ്ടും മൂല്യനിര്‍ണയം നടത്തുകയായിരുന്നു. വിഎച്ച്എസ്ഇയിലും വിജയശതമാനം കുറഞ്ഞിട്ടുണ്ട്.
Content Highlights: V Sivankutty, Minister for Education, Higher Secondary Result, Teachers