സോണാലി ഫോഗട്ട് ബലാല്‍സംഗത്തിന് ഇരയായി, മരണത്തില്‍ രാഷ്ട്രീയ ഗൂഢാലോചന; ആരോപണവുമായി സഹോദരന്
ബിഗ് ബോസ് താരവും ഹരിയാനയിലെ ബിജെപി നേതാവുമായിരുന്ന സോണാലി ഫോഗട്ടിന്റെ മരണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി സഹോദരന്. സോണാലിയുടെ മരണം കൊലപാതകമാണെന്നും മരണത്തിനു മുന്‍പ് അവര്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്നും സഹോദരന് റിങ്കു ഡാക്കെ ആരോപിച്ചു. സോണാലിയുടെ പി.എ സുധീര്‍ സാങ്വാന്, അയാളുടെ സുഹൃത്ത് സുഖ്വിന്ദര് എന്നിവര്‍ക്കെതിരെയാണ് ആരോപണം. ഗോവ പോലീസില്‍ നല്കിയ പരാതിയിലാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
മരണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയടക്കം ഉണ്ടാകാമെന്നും റിങ്കു ഡാക്കെ പറയുന്നു. സാങ്വാനും സുഖ്വിന്ദറും ചേര്‍ന്ന് കുറേനാളായി സോണാലിയെ ബ്ലാക്ക്മെയില്‍ ചെയ്തിരുന്നു. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി അബോധാവസ്ഥയിലാക്കി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷമാണ് ബ്ലാക്ക് മെയില്‍ ചെയ്തത്. സുധീര്‍ സാങ്വാന് സോണാലിയെ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന റിങ്കു പരാതിയില്‍ പറയുന്നു.
സോണാലിയുടെ രാഷ്ട്രീയ ജീവിതവും സിനിമാ ജീവിതവും അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി. മരിക്കുന്നതിന് തൊട്ടുമുമ്പ് സോണാലി അസ്വസ്ഥയായി അമ്മയേയും സഹോദരിയേയും സഹോദരീഭര്‍ത്താവിനെയും വിളിച്ചിരുന്നു. സിനിമാ ഷൂട്ടിംഗ് ഇല്ലാതിരുന്നിട്ടും സോണാലി എന്തിനാണ് ഗോവയില്‍ എത്തിയതെന്നും സഹോദരന് ചോദിച്ചു. മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. നടി ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.