സോണിയ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധ; നിരീക്ഷണത്തില്‍
ആശുപത്രിയില്‍ തുടരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് സോണിയ നിരീക്ഷണത്തിലാണെന്ന് എഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സോണിയ ചികിത്സയിലായതിനാല്‍ ഒപ്പം നില്‍ക്കണമെന്നും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും രാഹുല്‍ ഗാന്ധി ഇഡിയെ അറിയിച്ചിട്ടുണ്ട്.
ഇതു പരിഗണിച്ച് രാഹുല്‍ ഗാന്ധി ഇനി തിങ്കളാഴ്ച ഹാജരായാല്‍ മതിയെന്ന് ഇഡി അറിയിച്ചു. ജൂണ്‍ 12നാണ് സോണിയയെ കോവിഡ് അനന്തര ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കുകയാണ്. ഇതിനിടയിലാണ് അവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തിലാണ് ഇഡി ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായി 30 മണിക്കൂറിലേറെ ചോദ്യം ചെയ്തു. രാഹുലിനെ ചോദ്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധത്തിലാണ്.
Content Highlights: Sonia Gandhi, Rahul Gandhi, ED, National Herald, Congress, AICC