ആരെയും തെറി പറഞ്ഞിട്ടില്ല! മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പ്രതികരിച്ച് ശ്രീനാഥ് ഭാസി
മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ പ്രതികരണവുമായി നടന് ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറി വിളിച്ചിട്ടില്ല. അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധാരണ മനുഷ്യനെപ്പോലെ പ്രതികരിച്ചു. ആരെയും മോശമായി പറഞ്ഞിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്പിയുടെ ആദ്യ ഷോയ്ക്ക് ശേഷമായിരുന്നു പ്രതികരണം.
ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയത്. അഭിമുഖത്തിനിടെ ക്യാമറ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ട ശേഷം കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറി പറയുകയായിരുന്നുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് ഉള്‍പ്പെടെ ചുമത്തിക്കൊണ്ട് മരട് പോലീസ് നടനെതിരെ കേസെടുത്തിട്ടുണ്ട്.
കേസില്‍ പോലീസ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. വൈകിട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടന് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും പരാതിക്കാരി സാര്‍ക്ക് ലൈവിനോട് പറഞ്ഞിരുന്നു.