ശസ്ത്രക്രിയക്കിടെ ഗര്‍ഭസ്ഥ ശിശുവിന്റെ തല വേര്‍പെട്ടു; ഗര്‍ഭപാത്രത്തില്‍ തന്നെ തിരികെ നിക്ഷേപിച്ച് ക്രൂരത, ദാരുണ സംഭവം പാകിസ്ഥാനില്‍
ശസ്ത്രക്രിയക്കിടെ വേര്‍പെട്ട ഗര്‍ഭസ്ഥ ശിശുവിന്റെ തല ഗര്‍ഭപാത്രത്തില്‍ തന്നെ ഉപേക്ഷിച്ച് ക്രൂരത. പാകിസ്ഥാനിലാണ് സംഭവം. സിന്ധ് പ്രവിശ്യയിലെ റൂറല്‍ ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരാണ് 32കാരിയായ ഗര്‍ഭിണിക്ക് നേരെ ഈ ക്രൂരത കാട്ടിയത്. ഗുരുതരാവസ്ഥയിലായ യുവതിയെ പിന്നീട് മറ്റൊരു ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയാണ് രക്ഷപ്പെടുത്തിയത്. തര്പാക്കര് ജില്ലയിലെ വിദൂര ഗ്രാമത്തില്‍ നിന്നുള്ള യുവതി വൈദ്യസഹായത്തിനായി ആദ്യം സമീപിച്ചത്. പ്രദേശത്തെ റൂറല്‍ ഹെല്‍ത്ത് സെന്ററിനെയായിരുന്നു.
വനിതാ ഗൈനക്കോളജിസ്റ്റുകള്‍ ഇല്ലാതിരുന്നിട്ടും സെന്ററിലെ ജീവനക്കാര്‍ യുവതിക്ക് പരിചരണം നല്കാന് തയ്യാറായി. പ്രസവ ചികിത്സയില്‍ പരിചയമില്ലാതിരുന്ന ജീവനക്കാര്‍ നടത്തിയ ശസ്ത്രക്രിയ ഒടുവില്‍ ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ച് കുഞ്ഞിന്റെ തല വേര്‍പെട്ടുവെന്ന് ജംഷോറോയിലെ ലിയാഖത്ത് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ റഖീല് സിക്കന്തര്‍ പറഞ്ഞു. പിഴവ് മറയ്ക്കാന്‍ ഇവര്‍ കുട്ടിയുടെ ശരീരം ഗര്‍ഭപാത്രത്തില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു.
ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് യുവതിയെ കുടുംബാംഗങ്ങള്‍ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് ലിയാഖത്ത് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസില്‍ എത്തിക്കുകയായിരുന്നു. യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. സംഭവത്തില്‍ സിന്ധ് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ അന്വേഷണം പ്രഖ്യാപിച്ചു.
ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച യുവതിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പരാതിയുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണമുണ്ടാകും.
Content Highlights: Pakistan, Botched surgery, Cut Off Newborn’s Head, Woman’s Womb