സാങ്കേതിക സര്‍വകലാശാലാ വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും
സാങ്കേതിക സര്‍വകലാശാലാ വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. ഇന്നലെയാണ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജശ്രീ എം എസിന്റെ നിയമനം കോടതി റദ്ദാക്കിയത്. മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ചതിനു ശേഷം സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.
മറ്റു സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളെപ്പോലും ഈ വിധി പ്രതികൂലമായി ബാധിക്കാനിടയുള്ളതിനാലാണ് പുനഃപരിശോധനാ ഹര്‍ജിയുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. വിധിക്ക് ദൂരവ്യാപക പ്രത്യഘാതം ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകരുടെ വിലയിരുത്തല്‍. വൈസ് ചാന്‍സലര്‍ നിയമനം ഉള്‍പ്പെടെ സര്‍വകലാശാലാ ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ അപ്രസക്തമാകുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.
ഫെഡറല്‍ തത്വങ്ങള്‍ക്കും സുപ്രീം കോടതിയുടെ തന്നെ മുന്‍ വിധികള്‍ക്കും എതിരാണ് ഈ വിധിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിധി ഉദ്ധരിച്ച് മറ്റ് വൈസ് ചാന്‍സലര്‍മാരുടെ നിയമനം ചോദ്യം ചെയ്ത് കൂടുതല്‍ ഹര്‍ജികള്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ എത്രയും വേഗം പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്യണം എന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.