സിപിഎം ഓഫീസിന് നേരെ കല്ലേറ്; പിന്നിൽ ആര്‍എസ്എസ്സെന്ന് ആരോപണം
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. രാത്രി രണ്ട് മണിക്കായിരുന്നു ആക്രമണം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കല്ലെറിഞ്ഞത്. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാട് പറ്റി. പുലർച്ചെ 1.45നായിരുന്നു സംഭവം. കാറിന്റെ ചില്ല് തകർന്നതായാണ് വിവരം.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇന്നലെ വൈകുന്നേരം ജില്ലയിൽ എബിവിപി- സിപിഎം സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണോ ആക്രമണമെന്ന് സംശയമുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ബിജെപിയും യുഡിഎഫും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് സിപിഎം ജില്ലാ ഓഫീസിന് നേരെയുള്ള കല്ലേറ് എന്ന് മേയർ ആര്യാ രാജേന്ദ്രൻ ആരോപിച്ചു.
സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അക്രമിസംഘം എത്തിയ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.