സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയിലേക്ക്; നടപടി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ച്
നടനും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി. മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതാക്കളും സംസ്ഥാന ഭാരവാഹികളും മാത്രം ഉള്‍പ്പെടുന്ന കമ്മിറ്റിയിലേക്ക് ഇതാദ്യമായാണ് പതിവുരീതികള്‍ മറികടന്ന് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുതിയ നീക്കം. കോര്‍ കമ്മിറ്റി വിപുലപ്പെടുത്തണമെന്ന് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സുരേഷ് ഗോപിയെ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തില്‍ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായം മുന്‍പു തന്നെ ദേശീയ നേതൃത്വത്തിനുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുരേഷ് ഗോപിയുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവരുടെ താല്പര്യം സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തുന്നതിനു പിന്നിലുണ്ടെന്ന് സൂചനയുണ്ട്. നേതൃത്വത്തിലേക്ക് വരണമെന്ന് സുരേഷ് ഗോപിയോട് നേരത്തേ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും നടന് ഒഴിഞ്ഞു മാറുകയായിരുന്നു.