‘ചതിയുടെ പത്മവ്യൂഹം’; സ്വപ്ന സുരേഷിന്റെ ആത്മകഥ വരുന്നു

സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്തു വരുന്നു. ചതിയുടെ പത്മവ്യൂഹം എന്ന പേരില്‍ തൃശൂര്‍ കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. എം ശിവശങ്കറിന്റെ ആത്മകഥയായ അശ്വത്ഥാമാവ് വെറും ആന പുറത്തുവന്നതിന് ശേഷം സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളും പിന്നീട് കോടതിയില്‍ നടത്തിയ രഹസ്യമൊഴിയില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും പുസ്തകത്തിലുണ്ട്.
താന്‍ ശിവശങ്കരന്റെ പാര്വതിയായിരുന്നുവെന്നാണ് സ്വപ്ന ആത്മകഥയില്‍ പറയുന്നത്. ഔദ്യോഗിക യാത്രയെന്ന നിലയില്‍ പോയപ്പോള്‍ ചെന്നൈയിലെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ച് ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി നിറുകയില്‍ സിന്ദൂരം ചാര്‍ത്തിയെന്ന് സ്വപ്ന പറയുന്നു. ഒരിക്കലും കൈവിടില്ലെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. പിന്നീട് സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായതിനു ശേഷം എന്‍ഐഎ ഓഫീസില്‍ വെച്ച് ശിവശങ്കറിനെ ആദ്യമായി കാണുമ്പോള്‍ തന്റെ കഴുത്തിലെ മഞ്ഞച്ചരടില് താലിയുണ്ടായിരുന്നുവെന്നും സ്വപ്ന എഴുതുന്നു.
കേസില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കോ സര്‍ക്കാരിനോ പങ്കില്ലെന്ന് പറയുന്ന ശബ്ദസന്ദേശം തുടര്‍ഭരണം ഉണ്ടാകുന്നതിനായാണ് താന്‍ റെക്കോര്‍ഡ് ചെയ്തതെന്ന അവകാശവാദവും സ്വപ്ന നടത്തുന്നുണ്ട്. ഭരണം മാറിയാല്‍ അന്വേഷണത്തിന്റെ രീതി മാറുമെന്നും അന്വേഷണം നീ വരെയേ എത്തൂവെന്നുമായിരുന്നു തനിക്ക് ലഭിച്ച സന്ദേശം. അതുകൊണ്ട് സന്ദീപ് പറയുന്നതു പോലെ ചെയ്യുകയെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്തത്. തുടര്‍ഭരണം വരേണ്ടത് തന്റെ കൂടി ആവശ്യമാണെന്ന് തന്നെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശിവശങ്കറിനെ പുറത്തു നിര്‍ത്തേണ്ടത് ആവശ്യമാണെന്ന ചിന്തയിലാണ് സന്ദീപിന്റെ ഫോണില്‍ ആ ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്തതെന്നും സ്വപ്ന പറയുന്നു.
ആത്മകഥയില്‍ സ്വപ്ന ആര്‍ക്കുമെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നില്ല. കോണ്‍സുലേറ്റില്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന മുന്‍മന്ത്രിയും നിയമസഭയിലെ പ്രമുഖ വ്യക്തിയും മാത്രമാണ് തന്നോട് ലൈംഗിക താല്പര്യത്തോടെ ഇടപെട്ടത്. വാട്സാപ്പ് ചാറ്റിലൂടെ തന്നെ പല പ്രാവശ്യം ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതിന്റെ ഫോണ്‍ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് അവ കൈമാറിയിട്ടുണ്ടെന്നും ആത്മകഥയില്‍ സ്വപ്ന പറയുന്നു.