സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി
സ്വപ്ന സുരേഷ് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന് വാദം പരിഗണിച്ചാണ് നടപടി. അറസ്റ്റിന് സാധ്യതയില്ലെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കിയിരുന്നു. ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കാവുന്നവയാണെന്നും ഹര്‍ജി നല്കിയിരിക്കുന്നവരില് സരിത്ത് കേസില്‍ പ്രതിയല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കെ ടി ജലീല്‍ നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മുഖ്യന്ത്രിയുടെ ദൂതനായ ഷാജ് കിരണ്‍ എന്നൊരാള്‍ തന്നെ കാണാന്‍ എത്തിയിരുന്നുവെന്നും രഹസ്യമൊഴി വ്യാഴാഴ്ച രാവിലെ 10ന് മുന്‍പ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുവെന്നാണ് സ്വപ്ന പറഞ്ഞത്. സര്‍ക്കാര്‍ അറസ്റ്റിന് ശ്രമിക്കുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇവരുടെ ഹര്‍ജിക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. സരിത്ത് നിലവില്‍ ഈ കേസില്‍ പ്രതിയല്ല. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെയാണെങ്കിലും ഇനി ജാമ്യമില്ലാക്കുറ്റം കൂടി ചുമത്തി അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്ന് സ്വപ്നയുടെ അഭിഭാഷകന് വാദിച്ചു.
നാളെ എന്തു നടക്കും എന്നതനുസരിച്ച് ഇപ്പോള്‍ തീരുമാനം എടുക്കാനാകില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്കി. പ്രമുഖരായ വ്യക്തികളെ ജനമധ്യത്തില്‍ അപഹാസ്യരാക്കുക, ആക്ഷേപങ്ങള്‍ ചൊരിയുക എന്നത് മാത്രമാണ് ഹര്‍ജിയുടെ ലക്ഷ്യമെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുള്ള വ്യക്തികളുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു.
Content Highlights: Swapna Suresh, Bail, High Court