കെഎസ്ആര്ടിസി സ്വിഫ്റ്റ് ബസുകള്ക്ക് വേഗനിയന്ത്രണമില്ല; 110 കിലോമീറ്റര് വരെ വേഗത്തിലോടാന് അനുമതി
കെഎസ്ആര്ടിസി സ്വിഫ്റ്റ് ബസുകള്ക്ക് മണിക്കൂറില് 110 കിലോമീറ്റര് വേഗതയില് ഓടാന് അനുമതി. കഴിഞ്ഞ ജൂലൈയില് കെ.എസ്.ആര്.ടി. സ്വിഫ്റ്റ് സപെഷ്യല് ഓഫീസറാണ് ഇതു സംബന്ധിച്ച് നിര്ദേശം ഇറക്കിയിരിക്കുന്നത്. സര്വീസുകളുടെ ഷെഡ്യൂള് സമയം സ്റ്റേഷനിലും ബസുകളിലും പ്രദര്ശിപ്പിക്കാനും ബസുകളുടെ സ്പീഡ് ലിമിറ്റ് മണിക്കൂറില് 110 കിലോമീറ്റര് ആയി വര്ധിപ്പിക്കാനും ഇടയ്ക്കുള്ള ടെര്മിനല് ഗ്യാപ്പ് വര്ധിപ്പിക്കുവാനും സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂളുകള് എല്ലാ യൂണിറ്റിലും ലഭ്യമാക്കി കുറ്റമറ്റ ഓപ്പറേഷന് നടത്താന് സ്പെഷ്യല് ഓഫീസര് നടപടി സ്വീകരിക്കണമെന്നാണ് നിര്ദേശം.
സംസ്ഥാന പാതകളിലും ദേശിയ പാതകളിലും ഹെവി പാസഞ്ചര് വാഹനങ്ങളുടെ വേഗത മണിക്കൂറില് 65 കിലോമീറ്ററും നാലുവരി പാതകളില് മണിക്കൂറില് പരമാവധി 70 കിലോമീറ്ററുമായി നിജപ്പെടുത്തുന്ന മോട്ടോര് വാഹന നിയമം നിലവിലുള്ളപ്പോഴാണ് സ്വിഫ്റ്റ് ബസുകള്ക്ക് ഇക്കാര്യത്തില് ഇളവ് നല്കിയിരിക്കുന്നത്. അതേസമയം സ്വിഫ്റ്റ് ബസുകളിലുള്ള സ്പീഡ് ഗവേര്ണറുകളില് 80 കിലോമീറ്റര് വേഗതയാണ് സെറ്റ് ചെയ്തിരിക്കുന്നത്.
ട്രാന്സ്പോര്ട്ട് വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില് ചേര്ന്ന യോഗത്തിലാണ് ഇത്തരത്തിലുള്ള നിര്ദേശം ഉയര്ന്നതെന്നാണ് റിപ്പോര്ട്ട്. ഇതിനുപിന്നാലെ കെ.എസ്.ആര്.ടി.സിയാണ് നിര്ദേശം ഇറക്കിയിരിക്കുന്നത്. ദീര്ഘദൂര-അന്തര് സംസ്ഥാന റൂട്ടുകളില് സര്വീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകള് നിശ്ചയിച്ചിട്ടുള്ള സമയങ്ങളില് ലക്ഷ്യ സ്ഥാനങ്ങളില് എത്തണമെങ്കില് ഇത്രയും ഉയര്ന്ന സ്പീഡില് യാത്ര ചെയ്യണമെന്ന വിലയിരുത്തലിനെ തുടര്ന്നാണ് സ്പീഡ് ലിമിറ്റ് ഉയര്ത്താന് നിര്ദേശം നല്കിയതെന്നാണ് സൂചന.