മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം; തെളിവുകള്‍ നാളെ പുറത്തുവിടും; ഗവര്‍ണര്‍
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയുള്ള പോരില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂര്‍ സര്‍വകലാശാലയിലെ ആക്രമത്തില്‍ തനിക്കെതിരെ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ആണെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും. ഗവര്‍ണക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പരാതി കിട്ടിയിട്ട് വേണോ സര്‍ക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം മാത്രമേയുള്ളൂവെന്ന രൂക്ഷമായ പ്രതികരണമാണ് ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്.
സ്വമേധായ കേസ് എടുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടായിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചയനുണ്ടെന്നും ഇതിന്റെ തെളിവുകള്‍ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അതിനുള്ള സമയമായെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് കത്തിലൂടെ ഉറപ്പ് നല്‍കിയത് മുഖ്യമന്ത്രിയാണ്. അത് സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തും നാളെ പുറത്തുവിടും. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ആജീവനാന്ത പെന്ഷന് നല്‍കുകയാണ്. മറ്റേത് നാട്ടിലാണ് ഇത് നക്കുക. ഇത് ജനത്തെ കൊള്ളയടിക്കലാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.