ടി ശിവദാസമേനോന് അന്തരിച്ചു
മുന്‍ മന്ത്രിയും സിപിഎം നേതാവുമായിരുന്ന ടി ശിവദാസമേനോന് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1987 മുതല്‍ 2001 വരെ മൂന്നു തവണ മലമ്പുഴ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. രണ്ടു തവണ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ധനമന്ത്രിയും വൈദ്യുതി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
1987ല്‍ വൈദ്യുതി ഗ്രാമവികസന വകുപ്പു മന്ത്രിയായി. മന്ത്രിയായ ശേഷമാണ് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. 1991ല്‍ പ്രതിപക്ഷത്ത് ചീഫ് വിപ്പായിരുന്നു. 1996 മുതല്‍ 2001 വരെ ധനമന്ത്രിയുമായി. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകള്‍ സഹകരണ സംഘങ്ങള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്ത തീരുമാനം ശ്രദ്ധ നേടിയിരുന്നു.
1977, 1980, 1984 തെരഞ്ഞെടുപ്പുകളില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്ക്കൂളില്‍ 30 വര്‍ഷത്തോളം അധ്യാപകനായിരുന്നു. ഇതിനിടെ കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയന് രൂപീകരിച്ചാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.
Content Highlights: T Sivadasa Menon, CPM