താനൂര്‍ ബോട്ടപകടം; ബോട്ടുടമ നാസര്‍ ഒളിവില്‍, നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു
താനൂര്‍ ബോട്ടപകടത്തിനു പിന്നാലെ ബോട്ടുടമ നാസര്‍ ഒളിവില്‍. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. മീന്‍പിടിത്ത ബോട്ട് രൂപം മാറ്റിയാണ് സര്‍വീസ് നടത്തിയതെന്ന് സൂചനയുണ്ട്. വിനോദ സഞ്ചാരികളെ കൊണ്ടുപോകാന്‍ ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നരഹത്യക്ക് കേസെടുത്തത്.
താനൂര്‍ പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് ഇയാളുടെ വീട്. ഏറെക്കാലം വിദേശത്തായിരുന്ന നാസര്‍ മടങ്ങിയെത്തിയതിനു ശേഷമാണ് ബോട്ട് സര്‍വീസ് ആരംഭിച്ചത്. ബോട്ട് രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന യാര്‍ഡില്‍ വെച്ചാണെന്നും കണ്ടെത്തി. അതേസമയം ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ കഴിഞ്ഞ മാസം ബോട്ട് സര്‍വേ നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി വിവരമുണ്ട്.
ബോട്ടിന് ഫിറ്റ്നസ് നല്കുമ്പോള് രൂപരേഖയുള്‍പ്പെടെ നിര്‍മാണത്തിന്റെ സകല വിവരങ്ങളും സമര്‍പ്പിക്കണമെന്നാണ് നിയമം. ഇതൊന്നുമില്ലാതെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. കൂടുതല്‍ യാത്രക്കാരെ കയറ്റാവുന്ന വിധത്തിലായിരുന്നില്ല ബോട്ടിന്റെ നിര്‍മാണമെന്ന് മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു.