ഗുരുവായൂരപ്പൻ കോളജിലെ ചന്ദനമരങ്ങൾ കടത്ത്; വനംവകുപ്പ് സ്വമേധയാ കേസെടുത്തു
ഗുരുവായൂരപ്പൻ കോളജിന്റെ ക്യാംപസിൽനിന്ന് വ്യാപകമായി ചന്ദനമരം മുറിച്ചുകടത്തിയതായി ആരോപണം. കോളജ് അധികൃതർ പരാതി നൽകിയിട്ടില്ലെങ്കിലും ജില്ലാ ഫോറസ്റ്റ് ഓഫിസർ സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ടു ദിവസം മുൻപാണ് പിജി ബ്ലോക്കിലെ രണ്ടു ചന്ദനമരങ്ങൾ മുറിച്ച് മാറ്റിയതായി കണ്ടെത്തിയത്. ഒരു മരം പാതി മുറിച്ച നിലയിലാണെന്നും വിദ്യാർഥികൾ പറഞ്ഞു.
ചന്ദനമരം മുറിച്ചതായി വിവരം ലഭിച്ചതിനെതുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. മരത്തിന്റെ ചില്ലകൾ വെട്ടി അവിടെത്തന്നെ ഉപേക്ഷിച്ചതായും കാതൽ മാത്രം കൊണ്ടുപോയതായും കണ്ടെത്തിയതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ എം. രാജീവൻ പറഞ്ഞു. ക്യാംപസിൽ പലയിടത്തും മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. മുൻപും സമാനമായ കേസുകൾ ഇവിടെയുണ്ടായിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിന്റെ ഓഫിസ് ഉപരോധിച്ചു.