ദേശീയപാതകളിലെ കുഴികൾ നികത്തണമെന്ന് ഹൈക്കോടതി നിർദേശം
നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് ദേശീയപാതയിലെ കുഴികൾ നികത്താൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. ഇന്നലെ കോടതി അവധിയിലായിരുന്നെങ്കിലും മാധ്യമ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് റോഡുകളുമായി ബന്ധപ്പെട്ട കേസുകളിൽ കോടതിയെ സഹായിക്കാൻ നിയോഗിച്ച അമിക്കസ് ക്യൂറി മുഖേന ദേശീയപാത കേരള റീജിയണൽ ഓഫീസർക്കും പാലക്കാട് പ്രോജക്ട് ഡയറക്ടർക്കും നിർദ്ദേശം നൽകി.
മോശം റോഡുകൾ സംബന്ധിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും കുഴികൾ അടയ്ക്കുമെന്നും അറ്റകുറ്റപ്പണികൾ ആരംഭിച്ചുവെന്നും എൻഎച്ച്എഐ അറിയിച്ചു.
ദേശീയപാതയിലെ കുഴികൾക്ക് ഉത്തരവാദികളായ കരാറുകാരുടെ പേരുകൾ, ഫോൺ നമ്പറുകൾ സഹിതം കേന്ദ്ര സർക്കാർ പുറത്തുവിടണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. നടപടി എടുക്കാത്ത ഉദ്യോഗസ്ഥരുടെ പേരുകൾ പരസ്യപ്പെടുത്തണം. അത്തരം ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കണം. ദേശീയപാതയിലെ കുഴികൾ ഇല്ലാതാക്കാൻ സംസ്ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രിമാർ മുൻകൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയിലെ കുഴികൾ അടയ്ക്കേണ്ടത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് വിചിത്രമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.