ഹൈക്കോടതി കളമശേരിയിലേക്ക് മാറും
ഹൈക്കോടതിയും മറ്റ് അറുപത് കോടതികളുമടങ്ങിയ ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍

ഹൈക്കോടതിയും മറ്റ് അറുപത് കോടതികളുമടങ്ങിയ ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കാൻ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനം. ഹൈക്കോടതിയുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാവാൻ പോവുന്നത്.കേരള ഹൈക്കോടതി എറണാകുളത്ത് നിന്നും കളമശേരിയിലേക്ക് മാറ്റും. ഹൈക്കോടതി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്കി. എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. 2023ല്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത വാര്‍ഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടര്‍ച്ചയായാണ് മന്ത്രിസഭാ തീരുമാനം.
ഇതിന്റെ ഭാഗമായി മന്ത്രി പി രാജീവ്, ഹൈക്കോടതി ജഡ്ജിമാരായ എ മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യന് തോമസ്, രാജാ വിജയരാഘവന്, സതീഷ് നൈനാന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. 27 ഏക്കര്‍ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുള്‍പ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്.
28 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തില്‍ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങള്‍ ദീർഘകാല കാഴ്ചപ്പാടോടെ സജ്ജമാക്കാനാണ് തീരുമാനം. കളമശ്ശേരിയില്‍ എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമിയേറ്റെടുക്കാനാണ് മന്ത്രിസഭയുടെ അനുമതി.
പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിനും, കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. കൊച്ചി നഗരമദ്ധ്യത്തിലുള്ള നിലവിലെ ഹൈക്കോടതിയില്‍ സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിർമ്മാണത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്ന് നിർദ്ദേശം ഉയർന്നത്. നിലവിലെ ഹൈക്കോടതി മംഗളവനത്തോട് ചേർന്നായതിനാല്‍ ക്വാർട്ടേഴ്സിനും പാർക്കിംഗിനും മറ്റും സ്ഥലമെടുക്കാൻ ഇനി പരിമിതികളുണ്ട്.
ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും ജീവിക്കാനുമുള്ള മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന 14, 19, 21 ആര്‍ട്ടിക്കിളുകള്‍ സങ്കല്‍പ്പിച്ച് മൂന്ന് ടവറുകളിലായാണ് ജുഡീഷ്യല്‍ സിറ്റി രൂപകല്പന ചെയ്തിരിക്കുന്നത്. പ്രധാന ടവറില്‍ 7 നിലകളും മറ്റു രണ്ടു ടവറുകളില്‍ 6 നിലകള്‍ വീതവും ഉണ്ടാകും. ചീഫ് ജസ്റ്റിസിന്റേതുള്‍പ്പെടെ 61 കോടതി ഹാളുകള്‍, റജിസ്ട്രാര്‍ ഓഫിസ്, ഓഡിറ്റോറിയം, വിവിധ കമ്മിറ്റികള്‍ക്കുള്ള മുറികള്‍, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങള്‍, ലൈബ്രറി ബ്ലോക്ക്, ആര്ബിട്രേഷന് സെന്റര്‍, റിക്രൂട്ട്മെന്റ് സെല്‍, ഐ.ടി വിഭാഗം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങി അതിവിപുലമായ സൗകര്യങ്ങള്‍ ഉണ്ടാകും. ഇതിനു പുറമേ അഡ്വക്കേറ്റ് ജനറല്‍ ഓഫിസ്, അഭിഭാഷകരുടെ ചേംബറുകള്‍, പാര്‍ക്കിങ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകല്പന ചെയ്തിട്ടുണ്ട്.ഭൂമി ഏറ്റെടുക്കലും കെട്ടിട നിര്‍മ്മാണവുമുള്‍പ്പെടെ 1,000 കോടിയില്‍പ്പരം രൂപ ചെലവു കണക്കാക്കുന്ന പദ്ധതിയാണിത്.
ഹൈക്കോടതിക്കൊപ്പം ജുഡീഷ്യല്‍ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി രാജ്യാന്തര തലത്തില്‍ ഉള്ള ആധുനിക സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയിലെ ജുഡീഷ്യല്‍ സിറ്റിയില്‍ ഒരുക്കും. ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, അഭിഭാഷകരുടെ ചേംബർ, പാർക്കിംഗ് സൗകര്യം എന്നിവയുമുണ്ടാവും. നിലവിലെ ഹൈക്കോടതി മന്ദിരത്തോട് ചേർന്ന് ജഡ്ജിമാർക്കും ജീവനക്കാർക്കുമുള്ള താമസസൗകര്യം ഒരുക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ട്.
പരിസ്ഥിതിലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം കാത്തിരിക്കുന്നതും വെല്ലുവിളിയായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റുന്നത്. പദ്ധതിക്ക് ആയിരം കോടിയിലേറെ ചെലവുണ്ടാവും.
എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുക്കുമ്ബോള്‍ ജുഡീഷ്യല്‍ സിറ്റിക്ക് ഏറ്റവും അനുയോജ്യം കളമശ്ശേരിയാണെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍. ജുഡീഷ്യല്‍ സിറ്റിക്ക് സർക്കാർ കണ്ടെത്തിയ സ്ഥലം ഹൈക്കോടതി ജഡ്ജിമാരുടെ സംഘം സന്ദർശിച്ച് ക്ലിയറൻസ് നല്‍കിയിരുന്നു.
കളമശേരിയില്‍ 348 ഏക്കർ ഭൂമിയാണ് ഇപ്പോള്‍ എച്ച്എംടിയുടെ ഉടമസ്ഥതയിലുള്ളത്. എച്ച്എംടിക്കു സ്വതന്ത്ര വിനിമയത്തിനു ലഭിച്ച 27 ഏക്കർ ഭൂമിയാവും സർക്കാർ ഏറ്റെടുത്ത് ജുഡീഷ്യല്‍ സിറ്റിക്കായി കൈമാറുക. ഇതിന് സമീപത്തായി എച്ച്എംടിയുടെ തന്നെ ഉടമസ്ഥതയിലുള്ള 23 ഏക്കർ ഭൂമിയുമുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ക്കായി ഭൂമി അധികമായി വേണമെങ്കില്‍ ഈ ഭൂമിയേറ്റെടുക്കാനാവും.
ജുഡീഷ്യല്‍ സിറ്റി യാഥാര്‍ഥ്യമാകുന്നതോടെ മധ്യകേരളത്തിലെ ഏറ്റവും പ്രധാന നഗരമായി കളമശ്ശേരി മാറും. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കും ഹൈക്കോടതി സമുച്ചയത്തിന്റെ ഭാവി വികസനത്തിനുള്ള സ്ഥലപരിമിതിയും കണക്കിലെടുക്കുമ്ബോള്‍ ഹൈക്കോടതി മാറ്റുകയല്ലാതെ വഴിയില്ലാതായി.
എന്നാല്‍ ഏകപക്ഷീയമായ ചർച്ചകളാണ് നടക്കുന്നതെന്ന പരാതിയാണ് അഭിഭാഷക സമൂഹത്തിനുള്ളത്. ഹൈക്കോടതി കൊച്ചി നഗരത്തിന് പുറത്തേക്ക് മാറ്റുന്നതിനെ അവർ എതിർക്കുകയാണ്. നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട അഭിഭാഷക പരിഷത്ത്, സർക്കാരിന്റെ റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നുവരെ ആരോപിച്ചിരുന്നു.
ഹൈക്കോടതി പരസരത്ത് വലിയ മുതല്‍ മുടക്കില്‍ ഓഫീസുകള്‍ സ്ഥാപിച്ച അഭിഭാഷകർക്ക് വലിയ നഷ്ടം വരുന്ന നിർദ്ദേശമാണിതെന്നും ഏറെ ഗതാഗതക്കുരുക്കുള്ള എറണാകുളം – ആലുവ റൂട്ടിലൂടെ സഞ്ചരിച്ചുവേണം ജുഡീഷ്യല്‍ സിറ്റിയില്‍ എത്തിച്ചേരാനെന്നുമൊക്കെയാണ് അഭിഭാഷകരുടെ ആശങ്കകള്‍.
കളമശേരിയില്‍ ജൂഡിഷ്യല്‍ സിറ്റി സ്ഥാപിക്കാൻ ധാരണയായതോടെ നിലവിലെ ഹൈക്കോടതി സമുച്ചയം എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന ചർച്ചകളും സജീവമായിട്ടുണ്ട്. കൊച്ചി നഗരപ്രദേശത്ത് പലയിടത്തായി പ്രവർത്തിക്കുന്ന ട്രൈബ്യൂണലുകളും സ്ഥലപരിമിതികൊണ്ടും കാലപ്പഴക്കം കൊണ്ടും വീർപ്പുമുട്ടുന്ന ലോവർ കോടതികളും അനുബന്ധ ഓഫീസുകളും ഇവിടേയ്ക്ക് മാറ്റിസ്ഥാപിച്ച് ഒരു കുടക്കീഴിലാക്കുമെന്നാണ് സൂചന.