ലോകത്തിലെ പ്രായം കൂടിയ ഭീമൻ പാണ്ട ഓർമയായി
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമൻ പാണ്ട ആൻ ആൻ ഓർമയായി. 35 വയസ്സായിരുന്നു ആൻ പാണ്ടയുടെ പ്രായം. ഉയർന്ന രക്തസമ്മർദം മൂലം തളർച്ചയിലായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പാണ്ടയുടെ ആരോഗ്യനില മോശമായിരുന്നു. 2016ൽ കൂട്ടുകാരിയായ ജിയ ജിയ പാണ്ട മരിച്ചതോടെ ആൻ വിഷമത്തിലായിരുന്നു. അത് ആരോഗ്യത്തെ മോശമായി ബാധിച്ച് തുടങ്ങി.
ഹോങ്കോങ്ങിലെ തീം പാർക്കിലേക്ക് ചൈനീസ് സർക്കാരിന്റെ സംഭാവനയായിരുന്നു ആൻ ആൻ എന്ന ആണ്പാണ്ടയും ജിയ ജിയ എന്ന പെൺപാണ്ടയും. 1999 മുതല്‍ ആന്‍ ആന്‍ ഓഷ്യന്‍ പാര്‍ക്കിലാണ് താമസം. ജിയ ജിയ എന്ന പെൺപാണ്ട തന്റെ 38–ാം വയസ്സിൽ മരണപെട്ടു. 2016 ലാണ് ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പെൺപാണ്ടയായ ജിയ ജിയ മരിച്ചത്. ചൈനയില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ് പാണ്ട.
പലയിനം പെൻഗ്വിനുകളും ഡോൾഫിനുകളും തീം പാർക്കിലുണ്ടെങ്കിലും പ്രധാന ആകർഷണം ആനും ജിയയുമായിരുന്നു. രണ്ടാഴ്ചയായി ആനിന്റെ നില പരിതാപകരമായിരുന്നു. 23 കൊല്ലം കൂട്ടിൽ കിടന്നാണ് ആൻ അന്ത്യശ്വാസം വലിച്ചത്. ഇരുവരും സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. ഇവരെ കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തിയിരുന്നത്. പൂക്കളും പ്രാർത്ഥനയുമായി നിരവധി പേരാണ് ആനിനു യാത്രാമൊഴിയേകാനെത്തിയത്. ആനിനും ജിയക്കും പകരമാവില്ലെങ്കിലും ഇപ്പോൾ ഓഷ്യന്‍ പാര്‍ക്കില്‍ മറ്റൊരു പ്രണയജോഡിയുണ്ട് യിങ് യിങും ലീ ലീയും.
Content Highlights – World’s oldest giant panda dies