കേസിന്റെ ഈ ഘട്ടത്തിലുള്ള പരാമർശം ശരിയായില്ല, ബാക്കി പൊതുസമൂഹം വിലയിരുത്തട്ടെ; ഉമാ തോമസ്
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ജയിൽ ഡി ജി പി ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് ഉമ തോമസ് എംഎല്‍എ. ഉത്തരവാദപ്പെട്ട സ്ഥാനത്തുണ്ടായിരുന്ന ഒരാള്‍ കേസ് കോടതിയിലിരിക്കെ ഇങ്ങനെ പ്രതികരിക്കാമോ എന്ന് സമൂഹം വിലയിരുത്തട്ടെ, കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും ഉമ തോമസ് പറഞ്ഞു.
വലിയ താരമുള്‍പ്പെട്ട കേസാണ് ഇത്രയും കാലം നീണ്ടുനില്‍ക്കുന്നത്. ഇങ്ങനെയെങ്കില്‍ സാധാരണക്കാരനായ ഒരാളുടെ കേസ് എത്രത്തോളം മുന്നോട്ടുപോകുമെന്നും നീതി കിട്ടുമെന്നും ചിന്തിച്ചുപോവുകയാണ്. അതിജീവിതയ്ക്കൊപ്പമാണ് താനെന്ന് നേരത്തേയും വ്യക്തമാക്കിയിട്ടുണ്ട്. കേസ് മുന്നോട്ടുകൊണ്ടുപോവുന്നതില്‍ വളരെയധികം ഇടപെടലുകള്‍ നടത്തിയ ആളാണ് പി.ടി തോമസ്. അദ്ദേഹം ഇടപെട്ടിരുന്നില്ലെങ്കില്‍ കേസ് ചിലപ്പോള്‍ പുറത്തറിയുക പോലുമില്ലായിരുന്നുവെന്നും ഉമ തോമസ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്ന് ആര് ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്. കേസിന്റെ നിർണായ ഘട്ടത്തിൽ ഇത്തരമൊരു വെളിപ്പെടുത്തൽ വരുന്നത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.
Content Highlight: case, public judge, Uma Thomas, Former Jail DGP Srilekha