വിമാനത്തിൽ പ്രതിഷേധം: പ്രതികളുടെ ജാമ്യ ഹർജി തള്ളി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യഹർജി തിരുവനന്തപുരം ജില്ലാ കോടതി തള്ളി. പൊലീസ് കസ്റ്റഡിയിലുള്ള ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം നടത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ ജാമ്യ ഹരജി തള്ളിയതതോടെ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിൽ 26-ആം തിയ്യതി വരെ തുടരും.
ക്യാബിൻ ക്രൂവിൻ്റെ മുന്നറിയിപ്പ് ലംഘിച്ച് മൂന്നുപേർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങിയതായി ഇൻഡിഗോ പരാതി നൽകിയിരുന്നു. വിമാനക്കമ്പനിയുടെ പരാതി ഇല്ലാതെ കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം ഇന്നലെവരെ വാദിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധക്കാർ പാഞ്ഞടുത്തെന്ന കുറ്റപത്രം സ്ഥിരീകരിച്ചു കൊണ്ട് ഇൻഡിഗോ അധികൃതർ റിപ്പോർട്ട് നൽകുകയായിരുന്നു.
മുഖ്യമന്ത്രിയെ അപായപ്പെടുത്താനായിരുന്നു വിമാനത്തിൽ പ്രതിഷേധിച്ചവർ ശ്രമിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ ആർ.കെ,യൂത്ത് കോൺ മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവർക്കെതിരെ വലിയതുറ പൊലീസ് കേസെടുത്തത്.
Content Highlights – Pinarayi Vijayan, Youth Congress activists accused in the case of protesting against CM, Bail Denied