ട്രെയിനില്‍ പതിനാറുകാരിയെ ഉപദ്രവിച്ച കേസ്; മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു

ട്രെയിനില്‍ പതിനാറുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഘത്തിലെ മൂന്നു പേരെ തിരിച്ചറിഞ്ഞു. അഞ്ചംഗ സംഘമാണ് അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പ്രതികള്‍ എല്ലാവരും 50 വയസ് പിന്നിട്ടവരാണ്. ഇവരില്‍ ഒരാളുടെ സീസണ് ടിക്കറ്റിന്റെ ചിത്രം റെയില്‍വേ പോലീസിന് ലഭിച്ചിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന സീസണ് ടിക്കറ്റ് യാത്രക്കാരാണ് ഇവരെന്നാണ് വിവരം. പ്രതികള്‍ ഒളിവിലാണ്. ഇരിങ്ങാലക്കുട, ചാലക്കുടി സ്റ്റേഷനുകൡലാണ് ഇവര്‍ ഇറങ്ങിയത്. എറണാകുളം റെയില്‍വേ പോലീസിനാണ് അന്വേഷണച്ചുമതല. പോക്സോ വകുപ്പുകളും ട്രെയിനില്‍ അടിപിടിയുണ്ടാക്കിയതിനുള്ള വകുപ്പുകളും അനുസരിച്ചാണ് കേസ്.
ശനിയാഴ്ച രാത്രിയാണ് എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ ട്രെയിനില്‍ വെച്ച് പെണ്‍കുട്ടി ആക്രമണത്തിന് ഇരയായത്. രാത്രി 7.50ഓടെയായിരുന്നു സംഭവം. എറണാകുളം നോര്‍ത്ത് സ്റ്റേഷന് പിന്നിട്ടതോടെ അക്രമികള്‍ പെണ്‍കുട്ടിയുടെ അടുത്തെത്തി ശരീരത്ത് പിടിക്കാന്‍ ശ്രമിക്കുകയും അശ്ലീല ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച പിതാവിനെയും യാത്രക്കാരനായ യുവാവിനെയും സംഘം കയ്യേറ്റം ചെയ്തു. മലപ്പുറം സ്വദേശിയായ യുവാവിനെയാണ് അക്രമം തടയാന്‍ ശ്രമിച്ചതിന് സംഘം കയ്യേറ്റം ചെയ്തത്.
പ്രതികളുടെ സിസിടിവി ദൃശ്യവും പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യവും പോലീസിന് കൈമാറിയിട്ടുണ്ട്. ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡിനോട് പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഗാര്‍ഡിനോട് വിശദീകരണം തേടിയിരുന്നു. ഇതര സംസ്ഥാനക്കാരനായ ഗാര്‍ഡ് സംഭവം രണ്ടു സംഘങ്ങള്‍ തമ്മിലുള്ള അടിപിടിയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. ഗാര്‍ഡാണ് സീസണ് ടിക്കറ്റിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത്.
Content Highlights: Train, Sexual Assault, Rape Attempt, Season Ticket